X

ഐഐഎം:  ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും

 

ദുബൈ: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡോ. ബി.ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആര്‍എസ് വെഞ്ചേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രാഗത്ഭ്യത്തിനുടമകളായ ഐഐഎമ്മിന്റെ അനുഭവ സമ്പത്തും പ്രാവീണ്യവും ഗള്‍ഫ് മേഖലയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുത കേന്ദ്രം ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും. എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാമുകള്‍ കൂടാതെ, ഓപണ്‍ ലേണിംഗ് കോഴ്‌സുകളും നിര്‍ദേശാനുസരണം രൂപപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടികളും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഒപ്പിട്ട ധാരണാപത്രമനുസരിച്ച് ബിആര്‍എസ് വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ ബന്ധങ്ങള്‍, നടത്തിപ്പ് സംവിധാനങ്ങള്‍ എന്നിവയും ഐഐഎം അഹമ്മദാബാദ് അക്കാദമിക സൗകര്യങ്ങളും കൈകാര്യം ചെയ്യും. വിവിധ തലങ്ങളില്‍ സുദീര്‍ഘ പരിചയമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് ട്രെയ്‌നിങ് രംഗത്തും അക്കാദമിക വളര്‍ച്ചയിലും ഗുണഫലങ്ങളുണ്ടാക്കും. ഏകദേശം ആറ് ദശകങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഐഐഎമ്മിന്റെ എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാംസ്, കേസ് സ്റ്റഡി ശൈലിയിലുള്ള ഏറ്റവും ഫലപ്രദമായ അധ്യാപന രീതി കൊണ്ട് പ്രസിദ്ധമാണ്. പല തരം വ്യവസായങ്ങളിലും കോര്‍പറേറ്റുകളിലും ഇത്തരം പ്രോഗ്രാമുകള്‍ വലിയ വിജയങ്ങളുണ്ടാക്കിയുണ്ട്. ഇതോടൊപ്പം, ഗള്‍ഫിലെ അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക പശ്ചാത്തലത്തില്‍ ഐഐഎം ബിആര്‍എസ് വെഞ്ചേഴ്‌സ് സംയുക്ത സംരംഭം ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും തുടക്കം കുറിക്കും.
ഐഐഎമ്മിന്റെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള യുഎഇയില്‍, ദുബൈയിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ പുതിയ നാഴികക്കല്ലാണെന്നും ലബ്ധപ്രതിഷ്ഠരായ ഡോ. ബി.ആര്‍ ഷെട്ടിയും ബിആര്‍എസ് വെഞ്ചേഴ്‌സും ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളികളാണെന്നും ചടങ്ങില്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫ. എറോല്‍ ഡിസൂസ അഭിപ്രായപ്പെട്ടു. തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു സംരംഭം തുടങ്ങുമ്പോള്‍, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മുമായി കൈ കോര്‍ക്കാനായതും ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം പിടിക്കാനാകുന്നതും അഭിമാനകരമാണെന്ന് ബിആര്‍എസ് വെഞ്ചേഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍ ഷെട്ടി സൂചിപ്പിച്ചു.

chandrika: