X

അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്റെ പുനര്‍നിയമനം റദ്ദാക്കി ക്രിമിനല്‍ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്റെ പുനര്‍നിയമനം റദ്ദാക്കി ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

കത്ത് പൂര്‍ണ രൂപത്തില്‍

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐ.എച്ച്.ആര്‍.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നന്ദകുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണം. കഴിഞ്ഞ വര്‍ഷം മെയില്‍ സെക്രട്ടേറിയേറ്റില്‍ നിന്നും വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുന്‍പാണ് IHRD ല്‍ നിയമിച്ചത്. സര്‍വീസ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിയ നന്ദകുമാറിനെ ഇപ്പോഴത്തെ തസ്തികയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം.

അച്ചു ഉമ്മന്റെ പരാതിയില്‍ കേസെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. ഉന്നത CPM ബന്ധമാണ് ഇയാള്‍ക്ക് പോലീസ് നല്‍കുന്ന സംരക്ഷണത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിന് അപമാനമാണ്.

സ്ത്രീപക്ഷ നിലപാടുകളില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുടെങ്കില്‍ നന്ദകുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും അയാള്‍ക്കെതിര ക്രിമിനല്‍ കേസ് എടുക്കുകയും വേണം

webdesk11: