X

പഠിക്കാനും തൊഴിലിനും ഇനിയും പോകും

കെ.എന്‍.എ ഖാദര്‍

വിദ്യാര്‍ത്ഥികള്‍ പഠിക്കാനും യുവതീ യുവാക്കള്‍ തൊഴിലിനു വേണ്ടിയും ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്‍ ഒരു ഭാഗം തിരിച്ചു നാട്ടില്‍ വന്നു താമസിച്ചേക്കാം. മറ്റു ചിലര്‍ അവിടങ്ങളില്‍തന്നെ ജീവിക്കും. വേറെ ചിലര്‍ നാട്ടില്‍ ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്‍ ചിലര്‍ പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്‍ ധാരാളമുണ്ട്. കേരളത്തില്‍നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്‍ക്കാര്‍ വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്‍ ഇല്ലെ? ഈ പ്രശ്‌നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്‍ ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്‍ കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്‍ ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.

ഇന്ത്യയില്‍നിന്ന് പഠിക്കാന്‍ ഗാന്ധിജി പോയി. മാര്‍ക്‌സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്‍ പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്‍ ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്‍ ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്‍ക്കകത്തല്ല പുറത്താണ്. മാനവസംസ്‌കാരം പൊട്ടിവിടര്‍ന്നു വളര്‍ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്‍ കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്‍ന്നും കൂടിച്ചേര്‍ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്‍ന്നു.

കേരളത്തില്‍നിന്നും ഇനിയും മലയാളികള്‍ പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്‍ കാത്തുനില്‍ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്‌കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്‍ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്‍ മനസ്സിലാക്കികഴിഞ്ഞു.

ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്‍ അവരുടെ കവാടങ്ങള്‍ പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്‍ ശിവന്‍കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്‍ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്‍ കേരളം വിടാന്‍ കാത്തുനില്‍ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്‍ പോകാറുണ്ട്. ശിവന്‍കുട്ടിയെ ആദ്യം ഫിന്‍ലാന്‍ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്‍നിന്നു പഠിക്കാന്‍ മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്‍ക്കു മനസ്സില്ല എന്നറിഞ്ഞാല്‍ മതി.

കാത്തിരിക്കാന്‍ സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത് നിന്ന് ആളുകള്‍ പോകാന്‍ വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്‍വകലാശാലകളും നാട്ടുകാര്‍ക്കു മടുത്തു കാണണം. ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്‍ക്കും അറിയാം. തമ്മില്‍ തമ്മില്‍ പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്‍ട്ടിയും തലയില്‍ കേറിയ സാധുക്കള്‍ ഇവിടെ നിന്നു പിഴക്കുകയാണ്.

അവരവരുടെ മക്കളാരും കേരളത്തില്‍ പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്‍ത്താന്‍ മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്‍ക്കു വിവരമുണ്ട്. മലയാളികള്‍ നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്‍ അവര്‍ക്കറിയാം. സര്‍ക്കാര്‍ വഴിമുടക്കരുത് എന്നവര്‍ കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്‍ കേരളീയ കുടുംബങ്ങളെയും ഈ സര്‍ക്കാര്‍ അറിയിക്കണം.

താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്‍കണം. കേരളക്കാര്‍ ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്‍ ചെയ്തു വളരട്ടെ. കൂടുതല്‍ സംസ്‌കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്‍നിന്ന് ഒരു പുതിയ ജനത ഉയര്‍ന്നു വരട്ടെ. ഈ സര്‍ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്‍ മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്‍ക്കും നേര്‍വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്‍ക്കു നിങ്ങളെ എതിര്‍ക്കാന്‍ സമയമില്ല. അവര്‍ക്കവരുടെ ജീവിതം അതിനേക്കാള്‍ പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്‍നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.

webdesk13: