തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
പൊലീസിന് അപമാനമാകുന്ന വിധം വഴിവിട്ട ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. മോന്‍സനെതിരെയുള്ള കേസുകള്‍ ഒതുക്കുന്നതിന് ലക്ഷ്മണയുടെ സഹായം ലഭിച്ചതായി മോന്‍സണ്‍ പറയുന്ന ഓഡിയോ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചേര്‍ത്തല പൊലീസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് തിരികെ ലോക്കല്‍ പൊലീസിന് തന്നെ കൈമാറുന്നതിനും ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.
ഔദ്യോഗിക വാഹനത്തില്‍ പലതവണ മോന്‍സനെ വീട്ടില്‍ ചെന്ന് കണ്ടതിനും തെളിവുണ്ട്. കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടു. പുരാവസ്തു വില്‍പനയില്‍ ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന തെളിവുകളും പുറത്തുവന്നു. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകളിലടക്കം ലക്ഷ്മണയുടെ സാന്നിധ്യമുണ്ടായിരുന്നു.