X

ഇഫ്താറുകളിലൂടെ തുറക്കപ്പെടുന്ന ഹൃദയങ്ങൾ

റമളാനിൽ ആശുപത്രികൾക്ക് സമീപം ഒരുക്കുന്ന ഹൃദ്യമായ നോമ്പുതുറകളെ കുറിച്ച് എഴുത്തുകാരൻ നജീബ് മൂടാടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ആയി ആശുപത്രിയിലായതിനാൽ വരുമാനം പോലും മുട്ടി ഹോട്ടലുകളിലൊന്നും പോയി നോമ്പുതുറക്കാൻ കഴിവില്ലാത്ത എത്രയോ പാവങ്ങൾക്കാണ് മികച്ച രീതിയിലുള്ള നോമ്പുതുറയും അത്താഴവും ഒരുക്കി വിവിധ സംഘടനകളുടെ പ്രവർത്തകർ നോമ്പുകാലത്തെ വലിയൊരു നന്മയൊരുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

നജീബ് മൂടാടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

നോമ്പു തുറപ്പിക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്. പകൽ മുഴുവനും ജലപാനം പോലുമില്ലാതെ വിശപ്പും ദാഹവും സഹിച്ചൊരാൾക്ക് നോമ്പു തുറക്കുമ്പോഴുള്ള ഉണ്ടാവുന്ന ആശ്വാസം പടച്ചോനെ കണ്ടുമുട്ടുന്ന പോലെ സന്തോഷം നൽകുമത്രെ!.

മുമ്പു കാലത്തെ പോലെ വീടുകളിൽ ബന്ധുക്കളെയും സ്വന്തക്കാരെയും അയൽവാസികളെയും നാട്ടുകാരെയും വിളിച്ചു നോമ്പുതുറകൾ ഒരുക്കി സൽക്കരിക്കുന്നതും വിഭവങ്ങളുടെ ആധിക്യവും ഇന്ന് വല്ലാതെ കുറഞ്ഞിരിക്കുന്നു. കഴിയുന്നതും സ്വന്തം വീട്ടിൽ തന്നെ, പരിമിതമായ വിഭവങ്ങളോടെ നോമ്പു തുറക്കാനാണ് ഏറെപ്പേർക്കും താല്പര്യം. നോമ്പുതുറ നേരത്ത് വീടുകളിൽ എത്തിപ്പെടാൻ കഴിയാത്തവർക്ക്, പ്രത്യേകിച്ചും യാത്രക്കാർക്ക് വേണ്ടി ഏറെക്കുറെ പള്ളികളിലും നോമ്പുതുറ ഒരുക്കുന്നുണ്ട്. അതല്ലാതെ തന്നെ ബസ്സ്സ്റ്റാന്റുകളിലും നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളിലും വഴിയിൽ പെട്ടുപോവുന്ന നോമ്പുകാർക്ക് വേണ്ടി വെള്ളവും നോമ്പുതുറ വിഭവങ്ങളുമായി കാത്തു നിൽക്കുന്ന ചെറുപ്പക്കാർ സന്തോഷമുള്ള കാഴ്ചയാണ്.

ഇതുപോലെ മനസ്സ് നിറയുന്ന നോമ്പുതുറക്കാഴ്ചയാണ്‌ മെഡിക്കൽ കോളേജ് പോലെയുള്ള ആശുപത്രികൾക്ക് സമീപം രോഗികളുടെ കൂട്ടിരിപ്പുകാർക്കും നോമ്പെടുക്കുന്ന രോഗികൾക്കും വേണ്ടി ഒരുക്കുന്ന നോമ്പുതുറകൾ.

ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ആയി ആശുപത്രിയിലായതിനാൽ വരുമാനം പോലും മുട്ടി ഹോട്ടലുകളിലൊന്നും പോയി നോമ്പുതുറക്കാൻ കഴിവില്ലാത്ത എത്രയോ പാവങ്ങൾക്കാണ് മികച്ച രീതിയിലുള്ള നോമ്പുതുറയും അത്താഴവും ഒരുക്കി വിവിധ സംഘടനകളുടെ പ്രവർത്തകർ നോമ്പുകാലത്തെ വലിയൊരു നന്മയൊരുക്കുന്നത്.

റമളാനിലെ ഏറ്റവും ഹൃദ്യമായ നോമ്പുതുറകൾ ഇങ്ങനെ ആശുപത്രികൾക്ക് സമീപം ഒരുക്കുന്ന നോമ്പുതുറകൾ ആവും. നോമ്പല്ലാത്ത സമയത്തും പണമില്ലാത്ത എത്രയോ മനുഷ്യരെ സൗജന്യമായി ഊട്ടുന്നവരാണിവർ.

വിശപ്പിനെ അറിയാനും വിശന്നവനെ അറിയാനുമുള്ള പരിശീലനം കൂടിയാണല്ലോ റമളാൻ. തങ്ങളാൽ കഴിയും വിധം
ചെറുതും വലുതുമായ സാമ്പത്തിക സഹായം നൽകി ഇങ്ങനെ ആയിരക്കണക്കിന് മനുഷ്യരുടെ വിശപ്പാറ്റുന്നവർ, ഏറ്റവും ഉത്സാഹത്തോടെ സേവനമായി ഇതിന് വേണ്ടി രാവും പകലും കൈമെയ്‌ മറന്നു പ്രവർത്തിക്കുന്നവർ. മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും കൊട്ടിഘോഷങ്ങളില്ലാത്ത ഇടങ്ങളാണിവിടം.

നോമ്പുതുറയെന്നാൽ നമ്മുടെ മീഡിയകൾ കാണിച്ചുതരുന്ന പോലെ പലവിധങ്ങളായ പലഹാരങ്ങൾ നിരത്തി വെച്ചുള്ള ഭക്ഷ്യമേളകളല്ല. വീടെത്താൻ കഴിയാത്തവരും വീട്ടിൽ ഭക്ഷണം ഇല്ലാത്തവരുമായ എത്രയോ മനുഷ്യർ പള്ളികളിൽ വരിയിരുന്ന് ഒരേ പാത്രത്തിൽ നിന്ന് പങ്കിട്ടു കഴിക്കുന്ന കാഴ്ചയാണ്. രോഗികളും കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ വയറും മനസ്സും നിറയ്ക്കുന്ന പൊതികളാണ്. ബാങ്ക് കൊടുക്കാറായല്ലോ എന്ന വേവലാതിയോടെ ബസ്സിൽ ഇരിക്കുമ്പോൾ ജാലകത്തിലൂടെ നീണ്ടുവരുന്ന ചെറിയകുപ്പി വെള്ളവും പാക്കറ്റുമാണ്. ഊട്ടുന്നവനും ഉണ്ണുന്നവനും പരസ്പരം അറിയാത്ത സ്നേഹവിരുന്നുകൾ.

ഇങ്ങനെ ഒരു പൊതി എപ്പോഴെങ്കിലും കയ്യിൽ വാങ്ങേണ്ടി വരുമ്പോൾ….. വിളമ്പിക്കൊടുക്കുമ്പോൾ….. വെറുതെ ഈ കാഴ്ചകണ്ടു നിൽക്കുമ്പോൾ നമ്മളറിയും ലോകം എത്ര നന്മ നിറഞ്ഞതും മനോഹരവുമാണെന്നും മനുഷ്യൻ എത്ര മഹത്തായ പദമാണ് എന്നതും.

ഇങ്ങനെയുള്ള ഇഫ്താറുകളിലൂടെ തുറക്കപ്പെടുന്നത് ഹൃദയങ്ങളാണ്. ❤️

(✍️ നജീബ് മൂടാടി)

 

webdesk15: