X

ആര്‍.എസ്.എസിന്റെ ഇഫ്ത്താര്‍ മീറ്റിന് ആളില്ല; മഞ്ചേശ്വരത്ത് പങ്കെടുത്തത് 23 പേര്‍ മാത്രം

കാസര്‍ഗോഡ്: രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തിയ ഇഫ്ത്താര്‍ മീറ്റിന് തണുത്ത പ്രതികരണം. മഞ്ചേശ്വരത്ത് ആര്‍എസ്എസ്സ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് എത്തിയത് 23 പേര്‍. ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചാണ്(എംആര്‍എം) പരിപാടിക്ക് നേതൃത്വം കൊടുത്തത്.

വലിയ പ്രചരണം നല്‍കി നടത്തിയ പരിപാടിയില്‍ ആളുകള്‍ എത്താതത് ആര്‍.എസ്.എസിന് ക്ഷീണമായി. സംസ്ഥാന നേതാക്കളെ അടക്കം പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് പ്രചരണം നല്‍കിയ പരിപാടിയില്‍ പക്ഷേ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാരും എത്തിയില്ല. ആര്‍എസ്എസ്സിന്റെ പ്രദേശിക നേതാക്കള്‍ മാത്രമാണ് പരിപാടിയ്ക്ക് എത്തിയത്.

ബീഫ് ഒഴിവാക്കിയായിരുന്നു പരിപാടിയുടെ വിഭവങ്ങള്‍ ക്രമീകരിച്ചത്. കോഴിയിറച്ചി മാത്രമാണ് മാംസാഹാരമായി വിളമ്പിയത്. കേന്ദ്രമന്ത്രിമാരെ അടക്കം പങ്കെടുപ്പിച്ച് വിപുലമായി ഇഫ്ത്താര്‍ സംഘടിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിലും കേന്ദ്ര മന്ത്രിമാരുടെ തിരക്കു കാരണം അവര്‍ക്കെത്താന്‍ കഴിഞ്ഞില്ലെന്ന് എംആര്‍എം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ പി മുനീര്‍ ഉപ്പിള പറഞ്ഞു.

ജൂണ്‍ 25 വരെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒഴിവില്ലാത്തതിനാലാണ് ചെറിയ തോതില്‍ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട മത പുരോഹിതന്മാരെയും ക്ഷണിച്ചിരുന്നുവെന്നും കെ പി മുനീര്‍ മാപ്പിള കൂട്ടിച്ചേര്‍ത്തു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം എ്ത്തിയില്ല

ചിക്കന്‍ സുക്ക എന്ന വിഭവം മലബാറുകാരുടെ ഇഷ്ട വിഭവമായതിനാലാണ് പരിപാടിയില്‍ അതുള്‍പ്പെടുത്തിയതെന്നും സംഘാടകര്‍ പറഞ്ഞു. ആര്‍എസ്എസ്സിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് പല ഇടങ്ങളിലും നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ സസ്യാഹാരം മാത്രമാണ് ഉള്‍പ്പെടുത്തിയത്.

chandrika: