ബറോഡ: മുന്‍ ദേശീയ താരം ഇര്‍ഫാന്‍ പത്താനെ ബറോഡ ക്യാപ്ടന്‍ സ്ഥാനത്തു നിന്നു നീക്കി. രഞ്ജി ട്രോഫിയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഓള്‍റൗണ്ടറായ പത്താന് നായക സ്ഥാനം നഷ്ടമായത്. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരം പിന്നിട്ടപ്പോള്‍ ഒരു പോയിന്റ് മാത്രമാണ് ബറോഡക്ക് നേടാനായത്. ദീപക് ഹൂഡയാണ് പുതിയ ക്യാപ്ടന്‍.
ടൂര്‍ണമെന്റില്‍ ഇതുവരെ വെറും രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്‍ ത്രിപുരക്കെതിരായ അടുത്ത മത്സരത്തിനുള്ള പതിനഞ്ചംഗ ടീമില്‍ നിന്നും പുറത്തായി. ഇര്‍ഫാന്റെ സഹോദരനായ യൂസുഫ് പത്താന്‍ അസുഖം കാരണം ടീമില്‍ ഇല്ല. ഒരു മത്സരത്തിനുള്ള ടീമിനെ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ടീമിന്റെ ഗുണത്തിനു വേണ്ടിയാണ് നായക സ്ഥാനത്ത് മാറ്റം കൊണ്ടുവന്നതെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്‌നേഹല്‍ പരീഖ് പറഞ്ഞു.
നിരവധി യുവതാരങ്ങള്‍ കടന്നുവന്നതോടെ ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ പത്താന്‍ സഹോദരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ‘ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ്’ ആരംഭിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍, കാമറൂണ്‍ ട്രാഡെല്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം.