ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ നടക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് സ്ഥലങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച് തിയേറ്ററുകളില്‍ അഞ്ചുദിവസമായാണ് പ്രദര്‍ശനങ്ങളുണ്ടാവുക.
സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ആകെ 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമായിരിക്കും മേളയില്‍ പ്രവേശിപ്പിക്കുക. രജിസ്‌ട്രേഷന് 48 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് അപേക്ഷകര്‍ ഹാജരാക്കേണ്ടത്. അപേക്ഷാ ഫീസ് 750 രൂപയായി കുറച്ചിട്ടുണ്ട്.
കേരളത്തിന് ആഗോളശ്രദ്ധ നേടിത്തന്ന ചലചിത്രമേള പോലുള്ള പരിപാടികള്‍ റദ്ദാക്കുന്നത് ഉചിതമല്ലെന്ന് കരുതിയാണ് ഐ.എഫ്.എഫ്.കെ നടത്താന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.