തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 23-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തതായി ചലച്ചിത്ര അക്കാദി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ 12 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞതവണ ഈ പാക്കേജില്‍ ഏഴ് സിനിമകളായിരുന്നു ഉണ്ടായിരുന്നത്.
മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിന് തുടങ്ങും. അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങള്‍ വഴിയായിരിക്കും രജിസ്‌ട്രേഷന്‍. ഓരോ കേന്ദ്രത്തില്‍നിന്നും 500 പാസുകള്‍ വീതം വിതരണം ചെയ്യും. ഇതില്‍ 200 പാസുകള്‍ 50 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയാണ്.വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കി നടത്തുന്നതിനാല്‍ ഇത്തവണ സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് മേള. 14 തീയേറ്ററുകളിലായി നൂറ്റമ്പതോളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ഉപാദ്ധ്യക്ഷ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, സിബിമലയില്‍ തുടങ്ങിയവരും പങ്കെടുത്തു.