X

ഐഎഫ്എഫ്‌കെയിലും ദേശീയഗാനം നിര്‍ബന്ധം; വിദേശികളും ആദരവ് പ്രകടിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. എല്ലാ സിനിമ പ്രദര്‍ശനങ്ങള്‍ക്കും മുമ്പായി ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിച്ചിരിക്കണമെന്നും വിദേശികള്‍ ഉള്‍പ്പെടെ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ചലച്ചിത്രോത്സവത്തില്‍ നിന്ന് ദേശീയഗാനം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഞെട്ടിച്ചുവെന്നും സുപ്രീംകോടതി പറഞ്ഞു. അംഗവൈകല്യമുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കാമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിദേശികള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഐഎഫ്എഫ്‌കെയില്‍ നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.

എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി ഏകെ ബാലന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് തിയ്യേറ്റുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവ് വന്നത്. ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീംകോടതി ഹര്‍ജി നല്‍കിയത്.

chandrika: