തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പൊലീസ്-സിപിഎം വിഷയത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്ക് സ്ഥാനചലനം. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. മണോളിക്കാവ് സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐമാരായ ടി.കെ. അഖില്‍, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. ”പൊലീസ് കാവില്‍ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്, ഭരിക്കുന്ന പാര്‍ട്ടിയോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല” എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ഭീഷണി മുഴക്കിയത്. ഭീഷണി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ അന്വര്‍ഥമായി.
ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പി.പി. ഷമീല്‍, കൊളവല്ലൂര്‍ സ്റ്റേഷനിലെ പി.വി. പ്രശോഭ് എന്നിവരെ തലശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിനാണ് ടി.കെ. അഖിലിനെയും വി.വി. ദീപ്തിയെയും സി.പി.എം നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയതെന്നാണ് വിവരം.
മണോളിക്കാവ് വിഷയത്തില്‍ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സി.പി.എം നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എസ്.ഐമാരുടെ പൊതു സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അഖിലിനെയും ദീപ്തിയെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയത്. സി.പി.എം നേതാക്കളുടെ അപ്രീതിയാണ് എസ്.ഐമാര്‍ക്ക് വിനയായത്.
ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ എസ്.ഐ ടി.കെ. അഖിലിനെ യൂനിഫോമിന്റെ കോളറിന് പിടിച്ചുവലിച്ച് ആക്രമിച്ച കേസില്‍ പിടിയിലായ സി.പി.എം പ്രവര്‍ത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച സംഭവത്തോടെ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.