X

പള്ളിയില്‍ കയറി ‘ജയ് ശ്രീറാം’ വിളിച്ചാല്‍ മതവികാരം വ്രണപ്പെടില്ല”; പ്രതികളെ വെറുതെവിട്ട് കര്‍ണാടക ഹൈക്കോടതി

പള്ളിയില്‍ അതിക്രമിച്ചു കയറി ‘ജയ് ശ്രീറാം’ വിളിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ വെറുതെവിട്ട് കര്‍ണാടക ഹൈക്കോടതി. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവരെയാണു കോടതി വെറുതെവിട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നാണ് ദക്ഷിണ കന്നഡയിലെ ഒരു പള്ളിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10.50ഓടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ കീര്‍ത്തനും സച്ചിനും ‘ജയ് ശ്രീറാം’ വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തല്‍), 447(അതിക്രമിച്ചുകയറല്‍), 506(ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊതുസ്ഥലമായതിനാല്‍ അതിക്രമിച്ചു കയറല്‍ എന്ന കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതോടൊപ്പം, ‘ജയ് ശ്രീറാം’ വിളിക്കുന്നത് 295എ പ്രകാരം കേസെടുക്കാവുന്ന ഒരു കുറ്റമല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

ഈ വാദങ്ങള്‍ ശരിവച്ചാണിപ്പോള്‍ പ്രതികളെ കര്‍ണാടക ഹൈക്കോടതി വെറുതെവിട്ടത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം ബോധപൂര്‍വം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പാണ് 295എ എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു വിളിച്ചാല്‍ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെയാണു കഴിഞ്ഞുപോകുന്നതെന്നു പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍, പ്രതികളെ വെറുതെവിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ സൗമ്യ ആര്‍ പറഞ്ഞു.

എന്നാല്‍, നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാനനിലയെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

webdesk13: