കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.
ഡി-ഒൻപതിൽ 11-ാം നമ്പർ സീറ്റ് (വിൻഡോ വശം) റിസർവ് ചെയ്ത് കിട്ടിയ യാത്രക്കാരൻ വണ്ടിയിൽ കയറിയപ്പോൾ കിട്ടിയത് മധ്യത്തിലുള്ള സീറ്റ്. ഇതുസംബന്ധിച്ച് യാത്രക്കാരിൽ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു.
ജനശതാബ്ദി എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറിയതോടെയാണ് പ്രശ്‌നം വന്നത്. പരമ്പരാഗത കോച്ചിലും എൽ.എച്ച്.ബി.യിലും 106 സീറ്റാണെങ്കിലും സീറ്റ് ക്രമീകരണത്തിൽ വന്ന മാറ്റമാണ് പ്രശ്‌നമായത്. റിസർവേഷൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന റെയിൽവേയുടെ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ.
ജനശതാബ്ദി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്‌കരമാക്കുന്നതായി യാത്രക്കാർ നേരത്തേ പരാതി അറിയിച്ചിരുന്നു.