X

മുസ്ലിംകളെ പഴിചാരിയാല്‍ കിട്ടുമോ മൂന്നാമൂഴം

പുത്തൂര്‍ റഹ്‌മാന്‍

സി.പി.ഐ.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പോലും പിണറായി വിജയന്‍ വര്‍ഗീയത ആരോപിച്ചു നടത്തിയ പ്രസ്താവന അതുകൊണ്ടുതന്നെ ആരും അത്ര കാര്യമാക്കിയില്ല, പാലക്കാട് തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണ്. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് മുസ്ലിം ലീഗ് ചെയ്തത്. എന്നാല്‍ ഇത്തരം പ്രസ്താവനകളും ഇടക്കിടെയുള്ള വര്‍ഗീയ ആരോപണവും കൊണ്ട് സി.പി.ഐ.എം ലക്ഷ്യം വെക്കുന്നതെന്ത് എന്നതിനെക്കുറിച്ച് നമ്മുടെ നാട്ടുകാരെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ ഒരൂഴം കൂടി ഭരിക്കുന്നതിന് മുസ്ലിംകളെ എതിര്‍സ്ഥാനത്തു നിര്‍ത്തിയുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സി്.പി.എം നടത്തുന്നത്. ബി.ജെ.പി ശ്രമിച്ചിട്ട് നടക്കാത്ത ഈ കുടില പദ്ധതി ഇപ്പോള്‍ സി.പി.ഐ.എം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ ഏതാനും വാര്‍ത്തകള്‍ പുനപ്പരിശോധിക്കുന്ന പക്ഷം നമുക്ക് ഈ കാര്യം വ്യക്തമാകും.

മുസ്ലിംകളെ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയും അവരില്‍ വര്‍ഗീയത ആരോപിച്ചും സി.പി.ഐ.എം നേടാമെന്നു കരുതുന്ന രാഷ്ട്രീയ ഫലമെന്താണ്. മുനമ്പം വഖ്ഫ് സ്വത്തുമായി് ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്‍ ബാധ്യതയുള്ള കേരള സര്‍ക്കാര്‍ പ്രശ്‌നം കൂടുതല്‍ വഷളാവുന്നതുവരേ കാത്തിരിക്കുകയാണുണ്ടായത്. സംഘ് പരിവാര്‍ അനുകൂല സംഘടനകളും കൃസ്ത്യന്‍ സമുദായങ്ങളിലെ സംഘ് അനുകൂലികളും ഈ വിവാദത്തെ മുസ്ലിംകള്‍ക്കെതിരായ വെറുപ്പു പരത്താനായി കഴിയുന്നത്ര ഉപയോഗിച്ചു. വഖഫ് ബോര്‍ഡും കേരള സര്‍ക്കാറും കോടതിയും നാട്ടിലെ നിതിന്യായ സംവിധാനങ്ങളും പരിഹരിക്കേണ്ട ഒരു പ്രശ്‌നത്തില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ അകന്നുപോകുന്ന അവസ്ഥയുണ്ടായി. കാസപോലുള്ള കൃസ്ത്യന്‍ ത്ീവ്രവാദ ദ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി മുസ്ലിംകളെ കയ്യേറ്റക്കാരും അക്രമികളുമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രിയും മൗനം പാലിക്കുകയോ പ്രശ്‌നത്തെ വഷളാവാന്‍ വിടുകയോ ചെയ്തു. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്കും വെറുപ്പിനുമാണ് തര്‍ക്കം കാരണമാകുന്നതെന്നു തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് സ്ംസ്ഥാന അധ്യക്ഷരായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്തരവാദപ്പെട്ട കൃസ്ത്യന്‍ മതനേതാക്കളെ സന്ദര്‍ശിക്കുകയും നീതി നടപ്പാവുന്ന കാര്യത്തില്‍ കൃസ്ത്യന്‍ സമുദായത്തിനൊപ്പമാണ് മുസ്ലിം ലീഗും അതിന്റെ പ്രവര്‍ത്തകരുമെന്ന് സംശയലേശമില്ലാതെ അറിയിക്കുകയും ചെയ്തു. മുസ്ലിം കൃസ്ത്യന്‍ ഭിന്നതയും മുസ്ലിംകള്‍ക്കെതിരായ പൊതുരോഷവും ഉണ്ടാക്കിയെടുക്കാനായി പല കക്ഷികളും എണ്ണപാര്‍ന്ന എരിതീയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വെള്ളമൊഴിച്ചു. തൊട്ടുപിന്നാലെയാണ് തങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള വര്‍ഗീയ ആരോപണം ഉന്നയിക്കപ്പെട്ടത്.

ഈ വര്‍ഗീയത ആരോപിക്കല്‍ പരിപാടി ഇപ്പോള്‍ സി.പി.ഐ.എം മൊത്തമായി ഏറ്റെടുത്തിരിക്കയാണ്. ഒരുകാലത്തു ജമാഅത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷം. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം പഴയ ബാന്ധവത്തിന്റെ രേഖകള്‍ ഹാജരാക്കി. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തുനോക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ലീഗുവിരോധം രക്തത്തില്‍ കലര്‍ന്ന ഈ കക്ഷികള്‍ക്കും ഇപ്പോള്‍ പിണറായി വിജയന്‍ എന്ന ഭീരുവിനെ മനസ്സിലായി. അവര്‍ സി.പി.ഐ.എമ്മിനു വോട്ടുചെയ്യാതായി. അതിനു മുസ്ലിം ലീഗല്ല ഉത്തരവാദി. മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാര്‍. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ല. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.ഐ.എമ്മിന്റെ അന്ത്യവിധി എഴുതും. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി ‘ഒരു ചുക്കുമറിയില്ല’ എന്നതാണ് ഇപ്പോള്‍ ഇടതുനേതാക്കളുടെ അവസ്ഥ. അവരുടെ വാക്കും പ്രവര്‍ത്തിയും അതാണ് വെളിപ്പെടുത്തുന്നത്. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന മുസ്ലിം ലീഗുകാര്‍ക്കു തന്നെയും ഈ അവസ്ഥയില്‍ ഖേദമുണ്ട്. പക്ഷേ, സ്വന്തം പാര്‍ട്ടിയുടെ വേരറുത്തേ അടങ്ങൂ എന്നതാണ് സി.പി.ഐ.എം നേതാക്കളുടെ തൂരുമാനമെങ്കില്‍ അവരെ അര്‍ക്കാണ് തടയാനാവുക..

പാലക്കാടും വയനാടും യു.ഡി.എഫും ചേലക്കരയില്‍ എല്‍.ഡി.എഫും വിജയിച്ച ഉപതരഞ്ഞെടുപ്പുകള്‍ക്കു ശേഷം കോണ്‍ഗ്രസ്സിന്റെ വിജയം മാത്രം വര്‍ഗീയ വോട്ടുകള്‍ സമാഹരിച്ചു നേടിയതാണെന്ന ആരോപണം ഉന്നയിക്കുന്ന സി.പി.എം നേതാക്കളാരും തന്നെ ബി.ജെ.പി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് വര്‍ഗീയ വോട്ടുകള്‍ സമാഹരിച്ചാണെന്നു ഖേദം രേഖപ്പെടുത്തുകയോ അതിനെപ്പറ്റി വിശകലനം നടത്തുകയോ ചെയ്യുന്നില്ല. യു.ഡി.എഫിന്റെ വിജയത്തിനു കാരണം മുസ്ലിം വര്‍ഗീയ കക്ഷികളുടെ സഹായം സ്വീകരിച്ചതിനാലാണ് എന്നാണ് ആരോപണം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഇടതുരാഷ്ട്രീയത്തിന്റെ ആശയപ്പാപ്പരത്തം വിളിച്ചോതുന്നതായാണ് മാറിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തില്‍ സി.പി.എമ്മിന്റെ യുവനേതാവ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് വലിയ ഉദ്യോഗവും ശമ്പളവും വേലക്കാരെയും വേണ്ട എന്നുവെച്ചു ജനങ്ങളെ സേവിക്കാന്‍ വന്നയാളാണ് സ്ഥാനാര്‍ത്ഥി സരിന്‍ എന്നാണ്. സാമൂഹിക സമത്വവും തുല്യതയും ജനങ്ങളോട് പ്രസംഗിച്ച ആദര്‍ശമായ കമ്യൂണിസത്തിന്റെ ഇപ്പോഴത്തെ വാക്താക്കള്‍ ഇപ്പോള്‍ വാഴ്ത്തിപ്പറയുന്നത് വലിയ ഉന്നത ജോലിയെയും പദവിയെയും ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ വക വേലക്കാരുണ്ടെന്നും മറ്റുമാണ്. കൃഷ്ണപ്പിള്ളയുടെയും എ.കെ.ജിയുടെയും ത്യാഗത്തിന്റെ കഥകള്‍ അവര്‍ക്കു തന്നെ എടുക്കാചരക്കായി. പാര്‍ട്ടിക്ക് പണത്തോടും മൂലധനത്തോടും മുതലാളിത്തത്തോടുമുള്ള പുതിയ കമ്പമാണ് അവിടെ വെളിവായത്.

മറ്റൊന്ന് ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ അവരുമായി ഒരു രാഷ്ട്രീയ പോരാട്ടം നടത്തേണ്ട സി.പി.ഐ.എം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുന്ന കാര്യത്തില്‍ അവരുമായി സഹകരിക്കുന്നതും കേരളം കണ്ടതാണ്. നീലപ്പെട്ടി നാടകത്തില്‍ ബി.ജെ.പിയുമായി സഹകരിക്കുന്ന നേതാക്കളുടെ ദൃശ്യങ്ങള്‍ തന്നെ പുറത്തായി. കള്ളക്കടത്തും അനധികൃത പണവിനിയോഗവും യു.ഡി.എഫിനെതിരെ ആരോപിച്ചവര്‍ കുഴല്‍പണ ആരോപണം ഉന്നയിക്കുകയും അതിന്റെ പേരില്‍ മുസ്ലിം സമുദായത്തെ തന്നെ വളരെയേറെ അവഹേളിക്കുകയും ചെയ്തു. നീലപ്പെട്ടി വിവാദത്തിനു ശേഷം സോഷ്യല്‍ മീഡിയയിലെ ഇടതു പോരാളികള്‍ നിര്‍മ്മിച്ച ട്രോളുകളിലെല്ലാം മുസ്ലിംകളെയാണ് അവഹേളിച്ചുകൊണ്ടിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെക്കൂടി പരിഹസിക്കുന്നവര്‍ അതുവഴി ചെയ്തത്. രണ്ടു മുസ്‌ലിം പത്രങ്ങളില്‍ നല്‍കിയ തെരഞ്ഞെടുപ്പ് പരസ്യം വഴിയും സി.പി.ഐ.എം മതവര്‍ഗീയതയെ എങ്ങനെയെല്ലാം ഉപയോഗിക്കും എന്നു കാണിച്ചുതന്നു. വോട്ടു കിട്ടുന്നതിന് വര്‍ഗീയത തരംപോലെ ഉപയോഗിക്കുന്ന ആശയപ്പാപ്പരത്തമാണ് ഇടതുപക്ഷം കാണിച്ചത്. ഒപ്പം മുസ്ലിംകളെ ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവില്ലാത്തവരായി മനസ്സിലാക്കുന്ന സി.പി.ഐ.എമ്മിന്റെ വിവരക്കേട് പുറത്താവുകയും ചെയ്തു. പരാജയം അറിഞ്ഞ ശേഷം മുസ്ലിംകള്‍ എപ്പോഴും മതവര്‍ഗീയതയുടെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുന്നത് എന്ന സംഘപരിവാര്‍ ആഖ്യാനത്തെ ശക്തിപ്പെടുത്തുന്ന പണി കൂടി സി.പി.ഐ.എം നേതൃത്വം ചെയ്തു. സി.പി.ഐ.എമ്മിന്റെ പരീക്ഷണ വസ്തുവായ സ്ഥാനാര്‍ത്ഥിയാവട്ടെ പാലക്കാടെന്ന കേരളത്തില്‍ ഒരു മണ്ഡലത്തിലും ഒരു സ്വാധീനവും ഇല്ലാത്ത ഒരു കക്ഷിയാണ് മുസ്ലിംകളുടെ വോട്ട് മുഴുവന്‍ മറിച്ചതെന്നു പോലും ആരോപിച്ചു. എസ്.ഡി.പി.ഐ മുസ്ലിം വോട്ടുകളെ നിയന്ത്രിച്ചുവെന്നു മാത്രമല്ല അവര്‍ പള്ളികള്‍ വഴി കോണ്‍ഗ്രസ്സിനെ സഹായിച്ചുവെന്ന ആനമണ്ടത്തരവും ടിയാന്‍ എഴുന്നള്ളി്ച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഹിന്ദു പത്രത്തിനു നല്‍കിയ പറഞ്ഞ അത്യന്തം അപകടകരവും അപലപനീയവുമായ അഭിമുഖത്തിനു ശേഷം സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത ലൈന്‍ മുസ്ലിംകളെ അപരവല്‍ക്കരിക്കലും ഹിന്ദുത്വ പ്രീണനവുമാണ്. രാജ്യദ്രോഹവും മതതീവ്രവാദവും നടത്തുന്ന സംഘങ്ങളാണ് മലപ്പുറം ജില്ല കേന്ദ്രമാക്കി സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുമ്പോള്‍ അത് ആരുടെയൊക്കെ കുപ്രചരണങ്ങള്‍ക്കുള്ള കുട പിടിക്കലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിന്റെ തലേന്ന് തുടങ്ങിയ കാര്യമല്ല കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തും ഹവാലയും. നികുതി വെട്ടിക്കാനും തെറ്റായ വഴിയില്‍ പണം സമ്പാദിക്കാനും ഒരു പറ്റം ചെയ്യുന്ന ഈ സാമ്പത്തിക കുറ്റകൃത്യം എത്രയോ കാലമായി തുടരുന്ന ഒന്നാണ്. രാജ്യത്തെ ഒരുപാട് വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തുന്നതും പിടിക്കപ്പെടുന്നതും വാര്‍ത്തയാവാറുണ്ട്. അതിന്റെ പേരില്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ ഒരു ജില്ലയെയും ഒരു സമുദായത്തെയും അതിക്ഷേപിച്ചത് ആര്‍ക്കു വേണ്ടിയായിരിക്കും? അന്ന് നമുക്കെല്ലാം ഈ സംശയം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് മുഖ്യമന്ത്രി ബി.ജെ.പിക്കു വേണ്ടിയാണ് ഭരണം നടത്തുന്നതെന്നു കൂടെയുണ്ടായിരുന്ന അന്‍വര്‍ എം.എല്‍.എ വെളിപ്പെടുത്തുന്നു. ആര്‍.എസ്.എസിനു മരുന്നിട്ട് കൊടുക്കരുതെന്ന് പറഞ്ഞു കേരള ജനതയെ ഉപദേശിച്ച മുഖ്യമന്ത്രി തന്നെ മലപ്പുറം ജില്ലക്കെതിരായ പരാമര്‍ശം നടത്തി ഒരു ജനതയെ ഒന്നാകെ അപമാനിക്കുന്നു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള പിടിപ്പുകേടിന് ഒരു ജില്ലയെയും ജനതയെയും വില്ലന്മാരാക്കിയിട്ട് കാര്യമില്ല. ആ വിവാദ പ്രസ്താവനയോടെ പിണറായി വിജയന്‍ എന്ന പരാജയപ്പെട്ട ഭരണകര്‍ത്താവ് കേരളത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാനുള്ള ക്വട്ടേഷന്‍ എടുത്താണ് മുന്നോട്ടുപോകുന്നത് എന്നത് വ്യക്തമായി. ഉപതെരഞ്ഞെടുപ്പുകളോടെ അതൊരു ആസൂത്രിത നീക്കമാണെന്നും വ്യക്തമായി.

1986ല്‍ കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ നടത്തിയ കടന്നാക്രമണത്തിന്റെ പശ്ചാത്തലം നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ വായിച്ചറിയാം. ആദ്യം മുസ്ലിം ലീഗുമായും പിന്നീട് ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ മുസ്ലിം ലീഗുമായും സഖ്യമുണ്ടാക്കിയ സി.പി.എം രണ്ടിനെയും കൈയൊഴിഞ്ഞ് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഉന്നം വെച്ചു നടത്തിയ സമര്‍ഥമായ രാഷ്ട്രീയ നീക്കമായിരുന്നു അത്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കണ്ടു. ഇ.എം.എസിന്റെ ആ കുതന്ത്രം ആവര്‍ത്തിക്കാമെന്നാണ് ഇപ്പോഴത്തെയും കണക്കുകൂട്ടല്‍. എന്നു മാത്രമല്ല അതിനുവേണ്ടി നാട്ടിലെ ന്യൂനപക്ഷങ്ങള്‍ തമ്മില്‍ അകന്നുപോകുന്ന ദുരൂഹമായ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിപ്പോരുന്നു. ന്യൂനപക്ഷങ്ങള്‍ സമുദായങ്ങള്‍, വിശിഷ്യാ മുസ്ലിംകളും ക്രിസ്ത്യാനികളും സമാനമായ അവസ്ഥയിലാണ് രാജ്യമെങ്ങും. ഹിന്ദുത്വ രാഷ്ട്രത്തിലെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും. സംഘ്പരിവാറിന്റെ ഈ പദ്ധതിയെ മാത്രമല്ല, സി.പി.ഐ.എമ്മിന്റെ സമാന പദ്ധതിയെ കൂടി കരുതിയിരിക്കേണ്ട അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു. സംഘപരിവാറിന്റെ പണിയാണ് സി.പി.ഐ.എം എടുക്കുന്നതെങ്കില്‍ അതിനുള്ള പരിഹാരം മുസ്ലിം ലീഗ് നേതൃത്വം തേടും. സയ്യിദ് സാദിഖലി തങ്ങള്‍ കൃസ്തീയ മതമേലധ്യക്ഷന്മാരെ കണ്ടതതിനാണ്. കേരള ജനത ആ നയവും അതിലെ ന്യായവും തിരിച്ചറിയുമെന്നതില്‍ സംശയമില്ല.

webdesk14: