കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ മകന് സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി എംപി. എംപിയായ രമേഷ് ജഗജിനാഗിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.
‘നിങ്ങള്‍ ദളിത് വിഭാഗത്തില്‍ നിന്നുളളയാളാണോ, എങ്കില്‍ നിങ്ങള്‍ക്ക് ബിജെപിയില്‍ വളരാന്‍ അവസരം ലഭിക്കില്ല. നിങ്ങള്‍ മറ്റ് സവര്‍ണരായ നേതാക്കളോ സമ്പന്നരോ അല്ലെങ്കില്‍ ഗൗഡ വിഭാഗത്തില്‍പെട്ടവരോ ആണെങ്കില്‍ ജനങ്ങള്‍ പിന്തുണയ്ക്കും.
പക്ഷേ അവിടെ ഒരു ദളിതനുണ്ടെങ്കില്‍ ആരും പിന്തുണയ്ക്കില്ല. ഇത് ഞങ്ങള്‍ക്ക് അറിയാം, ഇത് വളരെ നിര്‍ഭാഗ്യകരമാണ്,’ രമേഷ് ജഗജിനാഗി പറഞ്ഞു.
ബി എസ് യെദ്യൂരപ്പയുടെ മകനായതുകൊണ്ടാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് ബി വൈ വിജയേന്ദ്രയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കിയതെന്നും ജഗജിനാഗി വിമര്‍ശിച്ചു. നവംബര്‍ 15ന് ഔദ്യോഗികമായി ബി വൈ വിജയേന്ദ്ര കര്‍ണാടക ബിജെപിയുടെ അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും.
നളിന്‍ കുമാര്‍ കാട്ടീലിന് പകരക്കാരനായിട്ടാണ് വിജയേന്ദ്ര വരുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് വിജയേന്ദ്രയെ അദ്ധ്യക്ഷനാക്കി നിയമിച്ചത്. ശികാരിപുര എംഎല്‍എയാണ് വിജയേന്ദ്ര.