ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജറായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയിച്ചത്.
മുത്തലാഖ് കൂടാതെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
സമയത്തിന്റെ അപര്യാപ്തതയുള്ളതിനാല്‍ മുത്തലാഖ് മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്ന് രാജ്യത്തെ പരമോന്നത കോടതി മറുപടി നല്‍കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍, യുയു ലളിത്, അബ്ദുല്‍ നാസര്‍ എന്നിവരും അംഗങ്ങളാണ്.