തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തയാറായി എ.കെ ശശീന്ദ്രന്‍. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന കേസ് പിന്‍വലിക്കാന്‍ യുവതി തയാറായതോടെയാണ് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളായ ശശീന്ദ്രന് വീണ്ടും വഴി തെളിയുന്നത്. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് താന്‍ മാറി നില്‍ക്കാമെന്ന് മന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. എന്‍.സി.പി നേതൃത്വവും ഇത്തരമൊരാവശ്യം ചാണ്ടിക്ക് മുന്നില്‍ വെച്ചിരുന്നു. ശശീന്ദ്രന്‍ കുറ്റവിമുക്തനായില്ലെങ്കിലും കേസ് പിന്‍വലിക്കപ്പെട്ട് നിയമനടപടി ഒഴിവാക്കിയാണ് തിരിച്ചുവരുന്നത്. കായല്‍ കയ്യേറ്റ വിവാദത്തിന്റെ പേരില്‍ മാത്രമല്ല, എന്‍.സി.പിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരവും കൂടി ചാണ്ടിക്ക് രാജിവെക്കേണ്ടിവരും.
നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗം തോമസ്ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ നിര്‍ദേശിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍ വിളി കേസിലെ പരാതിക്കാരിയുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന ബുധനാഴ്ചക്ക് ശേഷമാകും പകരം മന്ത്രിയെ നിശ്ചയിക്കുക. ശശീന്ദ്രനെ ട്രാപ്പില്‍ പെടുത്തുകയായിരുന്നെന്നും രാജി വെപ്പിക്കേണ്ടിയിരുന്നില്ലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.