പിആര്‍ ഏജന്‍സി വാഗ്ദാനം ചെയ്തിട്ടാണ് അഭിമുഖത്തിന് പത്രം തയ്യാറായതെന്നും ഏജന്‍സി എഴുതിക്കൊടുത്ത ഭാഗമാണിതെന്നും ഏജന്‍സിക്ക് ആരുമായാണ് ബന്ധം എന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഏജന്‍സി ഏത് പാര്‍ട്ടിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിച്ചാല്‍ മനസിലാകുമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അഭിമുഖം നല്‍കിയതെന്നും ബുദ്ധിപൂര്‍വമാണ് മുഖ്യമന്ത്രി ഏജന്‍സിയെക്കൊണ്ട് ഈ പരാമര്‍ശം നല്‍കിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഹിന്ദുവിന്റെ വിശദീകരണം മുഴുവന്‍ കൊടുക്കാത്തത് ദേശാഭിമാനി പത്രമാണെന്നും ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ഇപ്പോള്‍ അഭിമുഖത്തിനുവേണ്ടി പറഞ്ഞതെന്നും വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും സതീശന്‍ പറഞ്ഞു.
പിആര്‍ഒ ഏജന്‍സി കെയ്സണിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും മുഖ്യമന്ത്രി അറിയാതെയാണ് ഇത് നടന്നതെങ്കില്‍ കേസെടുക്കണമെന്നും അതിന് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഇന്റര്‍വ്യൂ നടക്കുമ്പോള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നെന്നും അവര്‍ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.