X

തെറ്റുപറ്റിയാല്‍ മാപ്പ് പറയും മറിച്ചായാല്‍ വീണ മാസപ്പടി വാങ്ങിയെന്ന് സി.പി.എം സമ്മതിക്കണം’: മാത്യു കുഴല്‍നാടന്‍

എ.കെ ബാലന്റെ വെല്ലുവിളി ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും, മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപടി വാങ്ങി എന്ന് സി.പി.എം സമ്മതിക്കുമോ? ഐജിഎസ്ടി അടച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലന്‍ എന്ത് ചെയ്യും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

‘ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളനുസരിച്ച് 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചിട്ടുള്ളതായി കണ്ടില്ല എന്നതാണ് ഇപ്പോഴും എന്റെ ഉത്തമ ബോധ്യവും വിശ്വാസവും. എന്റെ ശരികള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ തെറ്റേറ്റു പറയാനും വീണയെ പോലെയൊരു സംരംഭകയോട് മാപ്പ് പറയാനും ഞാന്‍ തയ്യാറാണ്. ഇത് തെളിയിച്ചാല്‍ മുഖ്യമന്ത്രിയോ എ.കെ ബാലനോ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നുപറയാന്‍ ഞാന്‍ ആളല്ല. ഐജിഎസ്ടിയുടെ കണക്ക് പുറത്തുവിടാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്’; മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ 1.72 കോടി രൂപയുടെ, അതാത് നാളുകളില്‍ ഫയല്‍ ചെയ്ത ഇന്‍വോയിസും എജിഎസ്ടി രേഖകളും അവര്‍ക്കുണ്ടെങ്കില്‍ എ കെ ബാലന്‍ പറഞ്ഞ വെല്ലുവിളി ഏറ്റെടുക്കുമെന്നും ഈ സമൂഹത്തോട് മാപ്പ് പറയുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ‘ഈ വിഷയത്തില്‍ തെളിവ് പുറത്ത് വിടുന്നതിന് നാളെയും കൂടി കാത്തു നില്‍ക്കുമെന്നും അതിനു ശേഷം ഞാന്‍ എന്റേതായ രീതിയില്‍ തെളിയിച്ചാല്‍ അദ്ദേഹം പൊതുപ്രവര്‍ത്തനം നിര്‍ത്തണം എന്ന് ഞാന്‍ പറയില്ല.

പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കണം’; മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ‘അവര്‍ തെളിയിക്കുകയാണെങ്കില്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല കാരണം ഞാന്‍ തുടങ്ങിയതേയുള്ള. എനിക്ക് തെറ്റു പറ്റാം സ്വാഭാവികമാണ്, പക്ഷെ ഞാന്‍ മാപ്പ് പറയാന്‍ തയ്യാറാണ്. പറഞ്ഞത് ഞാന്‍ പിന്‍വലിക്കും, അതില്‍ സംശയമില്ല’; മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

webdesk14: