വയനാട് പൂക്കോട് സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സര്‍വകലാശാല പ്രവേശന കവാടത്തില്‍വച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു ബാരിക്കേഡിന് വെളിയില്‍നിന്നു പ്രതിഷേധിച്ചു.യൂത്ത് ലീഗ്,എം.എസ്.എഫ്, കെഎസ്‌യു, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.
ഒരുകൂട്ടം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍കൂടി ചാടി ക്യാംപസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ താഴെയിറക്കി. ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ടി സിദ്ദിഖ്, ഐ സി. ബാലകൃഷ്ണന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
എസ്എഫ്‌ഐയുടെ ഇടിമുറി ഉണ്ടെങ്കില്‍ അത് കാണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പസിള്ളിലേയ്ക്ക് കടന്നത്. ഹോസ്റ്റലിനുള്ളില്‍ കയറണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ പൂക്കോട് ഉപവാസ സമരം തുടങ്ങി.
കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ച് കെട്ടിത്തൂക്കി കൊന്നെന്നാണ് മാതാപിതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു മറ്റൊരു വധശിക്ഷയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
മരിച്ചുപോയ സിദ്ധാര്‍ഥനെ ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക, പ്രതിയായ ആള്‍ തന്നെ ആ കമ്മിറ്റിയില്‍ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.