X

കൊടും കുറ്റവാളികള്‍ പുറത്തിറങ്ങിയാല്‍-എഡിറ്റോറിയല്‍

സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന്‍ സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രാഷ്ട്രീയ കുറ്റവാളികളുടെ ജയില്‍ തടവ് കാലാവധി ഇളവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് ക്രമസമാധാനരംഗം കൂടുതല്‍ വഷളാക്കാനേ ഇടയാക്കൂ. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികളുടെ ശിക്ഷാകാലാവധി ഇളവുചെയ്ത് വിട്ടയക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് പ്രസ്തുത ഉത്തരവ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്ന പതിവ് നേരത്തെയുണ്ട്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് ഈ ഇളവ് ബാധകമായിരുന്നില്ല. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കണമായിരുന്നു. എന്നാല്‍ നവംബര്‍ 23ലെ മന്ത്രിസഭാ യോഗം ഇത്തരം തടവുകാരുടെ കാലാവധിയില്‍ കൂടി ഇളവ് നല്‍കി നേരത്തേ വിട്ടയക്കാവുന്നവരുടെ ഗണത്തില്‍പെടുത്തി. ഇതനുസരിച്ച് രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ ശിക്ഷയില്‍ ഇളവ് ലഭിക്കും.

രാഷ്ട്രീയ കുറ്റവാളികളുടെയും തടവുകാരുടെയും കാര്യത്തില്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്ന പ്രവണത മിക്ക സംസ്ഥാനത്തും നിലവിലുണ്ട്. 2002 ലെ ഗുജറാത്ത് വംശഹത്യാ സംഭവത്തിലെ ഏറ്റവും നടുക്കമുളവാക്കിയ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് ഇയ്യിടെയാണ്.ഏറെ വിവാദമായ സംഭവത്തില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയമത്തോടുള്ള വെല്ലുവിളിയും നിയമ വ്യവസ്ഥയുടെയും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ ശിക്ഷാവിധികളുടെയും പ്രസക്തിയെ ബാധിക്കുന്നതുമാണ്. കുറ്റവാളികള്‍ക്ക് തടവുശിക്ഷ നല്‍കുന്നത് ക്രമസമാധാനം ഉറപ്പ് വരുത്താനാണ്. നിയമപാലകര്‍ വളരെ കഷ്ടപ്പെട്ടാണ് പ്രതികളെ പിടികൂടുന്നതും തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുന്നതും.

തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചാണ് ഇപ്പോഴത്തെ ഇളവ്. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കൊടി സുനി, റഫീഖ്, കിര്‍മാണി മനോജ്, ട്രൗസര്‍ മനോജന്‍, അണ്ണന്‍ സിജിത് തുടങ്ങിവര്‍ ജീവപര്യന്തം ശിക്ഷ നേരിടുന്നുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാര്‍ ശിക്ഷാ ഇളവിനായി ഗവര്‍ണര്‍ക്ക് നല്‍കിയ ജയില്‍ തടവുകാരുടെ പട്ടികയില്‍ സി.പി.എം പ്രവര്‍ത്തകരായ കൊടും കുറ്റവാളികളുടെ പേരുകളും ഉണ്ടായിരുന്നത് വിവാദമായിരുന്നു. ഇങ്ങനെ വിട്ടയക്കപ്പെടുന്ന പ്രതികളുടെ പട്ടിക തയാറാക്കേണ്ടത് വിരമിച്ച ജഡ്ജിമാര്‍ അടങ്ങിയ ജയില്‍ ഉപദേശക സമിതിയുടെ അനുമതി പ്രകാരമാണ്. എന്നാല്‍ ജയില്‍ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡി.ജി.പി എന്നിവരടങ്ങിയ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് വിട്ടയക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പട്ടിക തിരുത്തുകയായിരുന്നു. ഇത്തരം പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമാണ് സര്‍ക്കാര്‍ ഒരുക്കികൊടുക്കുന്നത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് അനുവദിച്ച പരോളിന് കണക്കില്ല. കോവിഡ് കാലത്ത് ഏതാണ്ടെല്ലാ സമയത്തും ഈ പ്രതികള്‍ പുറത്തായിരുന്നു. പരോളില്‍ പുറത്തിറങ്ങുന്ന സമയത്ത് മറ്റ് ക്രിമിനല്‍ കേസുകളില്‍ ഇടപെടുന്ന സമീപനവും ഇത്തരം പ്രതികളില്‍ നിന്നുണ്ടായിട്ടുണ്ട്.

നിയമത്തോടുള്ള വെല്ലുവിളിയാണിതെന്ന് പറയാതിരിക്കാനാവില്ല. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് തീരുമാനം. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമപ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിനര്‍ഥം. 2012ല്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റ്റിസ് മദന്‍ ബി ലോകൂറും അടങ്ങിയ ബഞ്ച് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവുകാര്‍ക്ക് 14 വര്‍ഷത്തെ തടവ് കഴിഞ്ഞാലും പുറത്തിറങ്ങാന്‍ നിയമപരമായി യാതൊരു അവകാശവുമില്ല. ജീവപര്യന്തം 14 വര്‍ഷത്തെ ജയില്‍ തടവാണെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ എവിടെയും പറയുന്നില്ല. കൊടും കുറ്റം ചെയ്ത ടി.പി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒരു നിലക്കും ന്യായീകരിക്കത്തക്കതല്ല. ഇത്തരം പ്രഥികള്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തിന് കടുത്ത ഭീഷണിയാകാനേ ഉപകരിക്കൂ. അതിനാല്‍ ഇത്തരം തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂ.

Test User: