തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായി. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്.എം.എസ് ആയി ലഭിക്കും. വാഹനം അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് ആയും ഇ-മെയില്‍ ആയും അലര്‍ട്ടുകള്‍ ലഭിക്കും. സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉടമകള്‍ക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലും ഇ-മെയില്‍ ഐഡിയിലുമാണ് അലര്‍ട്ട് സന്ദേശം എത്തുന്നത്. നമ്പരിലും ഇ-മെയില്‍ ഐഡിയിലും മാറ്റം വന്നാല്‍ surakshamitr @ cdac.in എന്ന ഇ-മെയിലില്‍ അറിയിച്ച് തിരുത്തണം.
നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര.
ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.