ദേശീയ വിദ്യാഭ്യാസ നയത്തെച്ചൊല്ലി തമിഴ്‌നാടും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് കനക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിൽ സഖ്യകക്ഷികള്‍ നാളെ ചെന്നൈയിൽ പ്രതിഷേധിക്കും. പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന വിവാദം ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ശക്തമാകുകയാണ്. ഇതിന് ഹേതുവായത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻപ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രിയം കളിക്കുകയാണെന്നും വിമർശിച്ചു. ഈ വാക്കുകൾ ദ്രാവിഡ മണ്ണിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്.
കേന്ദ്രത്തിൻ്റെ ഭീഷണി തമിഴ്നാട്ടിൽ വില പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറുപടി നൽകി. മന്ത്രിയുടെ തറവാട്ടുസ്വത്തല്ല കേന്ദ്ര വിഹിതമെന്നും, അത് തമിഴ്നാടിൻ്റെ അവകാശമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. സംസ്ഥാനങ്ങളിൽ ഹിന്ദി കൂടിയടങ്ങുന്ന ത്രിഭാഷാനയം നിർബന്ധമായും നടപ്പാക്കണമെന്ന് ഭരണഘടനയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് സ്റ്റാലിൻ ചോദിച്ചു. തമിഴ്‌നാടിനെ അപമാനിക്കുന്നത് തീകൊണ്ടു കളിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ പിടിവാശി പുതിയ ഭാഷാസമരത്തിന് വഴിതെളിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി മുന്നറിയിപ്പ് നൽകി.
നിലവില്‍ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ പദ്ധതിയാണ് തമിഴ്‌നാട് പിന്തുടരുന്നത്. ഈ ഭാഷകൾക്കൊപ്പം ഹിന്ദി കൂടി ഉൾപ്പെടുത്തുന്ന ത്രിഭാഷാ പദ്ധതിയാണ് 2020 ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. ഇത് നടപ്പാക്കില്ലെന്നും ദ്വിഭാഷാ പദ്ധതി തുടരുമെന്നുമാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്. ഡിഎംകെയുടെ ഈ നിലപാടിനെ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ അനുകൂലിക്കുന്നുണ്ട്. ത്രിഭാഷ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് എഐഡിഎംകെ പറഞ്ഞു.
ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ ജനാധിപത്യ വിരുദ്ധമെന്നാണ് നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിമർശിച്ചത്. എന്നാല്‍, 1960കളിലേത് പോലെയല്ല തമിഴ്നാട്, ജനം വിദ്യാഭ്യാസം നേടിയവരാണെന്നും കൂടുതൽ അവസരങ്ങൾ തേടുന്നവരാണെന്നും രണ്ട് ഭാഷ മാത്രം അവർ പഠിച്ചാൽ മതിയെന്ന ഡിഎംകെയുടെ വാശി അംഗീകരിക്കാനാകില്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. 2026-ൽ തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഷാ നയം പ്രധാന വിഷയമാക്കുമെന്ന് ബിജെപി നേതാവ് എച്ച്. രാജ പ്രതികരിച്ചു. അതേസമയം വിദ്യാഭ്യാസ നയത്തെ ചൊല്ലിയുള്ള കേന്ദ്ര- സംസ്ഥാന തർക്കം 1960കളിലെ പോലെ വലിയൊരു ഭാഷ പോരിനാണോ തുടക്കമിടുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.