ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ കാത്തിരിക്കുന്നത് എണ്ണ വിലയടക്കം വന്‍ വില വര്‍ധനവ്. യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം സംഭവിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിന്‍ യുദ്ധത്തിന് തയ്യാറായാല്‍ ലോക രാഷ്ട്രങ്ങളെ വന്‍ തോതില്‍ അത് ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത്. ക്രൂഡ് ഓയില്‍ നിര്‍മാണത്തിലെ ഭീമനാണ് റഷ്യ. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇപ്പോള്‍ വില എത്തിക്കഴിഞ്ഞു. നിലവില്‍ 96.7 ഡോളറാണ് ഒരു ബാരലിന്റെ വില. ഇത് നൂറ് ഡോളര്‍ കവിയുമെന്നും ഒരുപക്ഷേ 150 ഡോളര്‍ വരെയെത്തിയേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അത് സംഭവിച്ചാല്‍ ആഗോള ജിഡിപി വളര്‍ച്ച 0.9 ശതമാനമായി ചുരുക്കും. ഇന്ത്യയിലും സിഎന്‍ജി, വൈദ്യുത നിരക്ക് കൂടാം. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി വര്‍ധിപ്പിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്നതാണ് വെല്ലുവിളി.
നവംബറില്‍ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു. എന്നാല്‍ യുക്രെയ്ന്‍ പ്രതിസന്ധി പെട്രോള്‍ വില ലിറ്ററിന് ഏഴ് രൂപ വരെ വര്‍ധിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കാം. അസംസ്‌കൃത എണ്ണയ്ക്ക് ചൊവ്വാഴ്ച മാത്രം നാലു ശതമാനത്തിനടുത്ത് വില ഉയര്‍ന്നു. ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വിലവര്‍ധന വലിയ വെല്ലുവിളിയാണ്. കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. പെട്രോളിന് വില വര്‍ധിക്കുമ്പോള്‍ അവശ്യവസ്തുക്കളുടെ വില ഉയരും.
യുദ്ധം പൂര്‍ണ തോതില്‍ ആരംഭിച്ചാല്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തും. അങ്ങനെ സംഭവിച്ചാല്‍ എണ്ണ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും. ഇറാനെതിരായ അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഇറാനില്‍ നിന്ന് എണ്ണ വിപണിയിലെത്തിത്തുടങ്ങിയാലും റഷ്യയില്‍നിന്നുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകില്ല.
ഏപ്രില്‍, മേയ് മാസങ്ങളിലായി അഞ്ചു ലക്ഷം ബാരല്‍ അധിക എണ്ണ ഇറാനില്‍നിന്നെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഇത് ആഗോള എണ്ണവില കുറയ്ക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ്.