‘കുഞ്ഞു കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമന്റ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
സമാനതകള്‍ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേര്‍ത്തുപിടിക്കാന്‍ മലയാളികള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ആ ചേര്‍ത്ത് നിര്‍ത്തലിനൊപ്പം ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് സജിനും ഭാര്യ ഭാവനയും വാഗ്ദാനം ചെയ്തത്. വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറെന്ന് പറയാന്‍ ഭാവനയെ പ്രേരിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമന്റായും ഇട്ടു.
ഇവരുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ വയനാട്ടില്‍ നിന്ന് വിളി വന്നു. നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമായി ഉടന്‍തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉപജീവന മാര്‍ഗ്ഗമായ പിക്കപ്പ് ജീപ്പിലാണ് യാത്ര. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍.