X

മതാധ്യക്ഷര്‍ മാന്യത മറന്നാല്‍- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

വാദിച്ചോ സമര്‍ഥിച്ചോ മറ്റൊരാള്‍ക്കു മുമ്പില്‍ വിജയിക്കാനോ മേല്‍കൈ നേടാനോ കഴിയുന്നകാലം കഴിഞ്ഞിരിക്കുന്നു എന്നത് ഇന്നത്തെ കാലത്തിന്റെ യാഥാര്‍ഥ്യമാണ്. ഒന്നുകൂടി വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ ഏതുതരം ബലപ്രയോഗത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ അനുരാഗം, വ്യക്തമായ കാര്യലാഭം എന്നിവക്കു വേണ്ടിയല്ലാതെ ഒരാള്‍ക്കും കുറഞ്ഞുകൊടുക്കാന്‍ ഒരാളുടെ മനസും തയ്യാറാവാത്തവിധം അഹങ്കാരം മനുഷ്യന്റെ മനസ്സില്‍ ആഴത്തില്‍ വേരിറക്കിക്കഴിഞ്ഞിരിക്കുന്നു എന്നതു കൊണ്ടാണിത്. അതാണ് ഇന്നത്തെ എല്ലാ വാഗ്വാദങ്ങളും അതിവേഗം കലാപമായി വളരുന്നത്. ആര്‍ക്കും ആരെയും പറഞ്ഞുതോല്‍പ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അത് വിദ്വേഷത്തിനും അകല്‍ച്ചക്കുമൊക്കെയല്ലാതെ മറ്റെന്തിനാണ് വഴിവെക്കുക!. ഇത്തരം അകല്‍ച്ചകള്‍ വന്യമാകുമ്പോഴാണല്ലോ കലാപങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയം, മതം തുടങ്ങിയ വേദികളില്‍ ഇത് ഏറെ പ്രകടമാണ്. കാരണം രാഷ്ട്രീയത്തിന്റെ അടിസ്ഥാനം വ്യക്തിയുടെ കാഴ്ചപ്പാടും നിലപാടുമൊക്കെയാണ്. അതിനാല്‍ ഇവയെ കയ്യാളുന്നതും കൈകാര്യം ചെയ്യുന്നതും വാദം എന്ന നിലക്കായിരിക്കും. വാദം കേള്‍ക്കുമ്പോഴേക്കും സ്വാഭാവികമായും എതിര്‍കക്ഷി അതിനോട് വിയോജിക്കും. ക്രമേണ വാദവും വിയോജിപ്പും അഥവാ എതിര്‍വാദവും ഒപ്പത്തിനൊപ്പം മുറുകിവരും. രണ്ടിനും ചൂടുപിടിക്കുന്നതിനനുസരിച്ച് രണ്ടു പക്ഷവും മാന്യതയും സഭ്യതയും കൈവിടും.

മതമാകട്ടെ അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസം എന്നാല്‍ ധാരണയാണ്. വെറും ധാരണയല്ല, മറ്റു തെളിവുകള്‍വഴി തെറ്റാകാനുള്ള സാധ്യത ഇല്ലെന്നോ കുറവാണെന്നോ പറയാവുന്നവിധം ഉറപ്പുള്ള ധാരണ. ധാരണയായതിനാല്‍ അത് എല്ലാവര്‍ക്കും ഒരേപോലെ ഉള്ളതാവണമെന്നില്ല. അങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ പല വിശ്വാസങ്ങളും മതങ്ങളും ഉണ്ടായതുതന്നെ എന്നത് മറ്റൊരു കാര്യം. ഏതായാലും ഇത്തരം ധാരണയെ ആധാരമാക്കിയുള്ള വിശ്വാസം സ്ഥാപിക്കുന്നത് സമര്‍ഥനം വഴിയാണ്. മത പ്രബോധകരും പുരോഹിതരും ജനങ്ങളുടെ മുമ്പില്‍ തങ്ങളുടെ വിശ്വാസങ്ങളെ ശക്തമായി തങ്ങളുടെ പക്കലുള്ള തെളിവുകളുടെ സഹായത്തോടെ സമര്‍ഥിക്കുകയാണ് ചെയ്യുന്നത്. ആ നിലക്ക് അതും രാഷ്ട്രീയം പോലെ വാദത്തിന്റെയും പ്രതിവാദത്തിന്റെയും രംഗമായിമാറും. ഓരോ മതക്കാരും തങ്ങളുടെ മതം വിയോജിക്കുന്ന വിഷയങ്ങളെകുറിച്ച് ചോദ്യംചെയ്യുകതന്നെ ചെയ്യും. ചോദ്യംചെയ്യുമ്പോള്‍ ഉത്തരം പറയാന്‍ എതിര്‍കക്ഷി നിര്‍ബന്ധിതമാകും. ഉത്തരം പറഞ്ഞാല്‍ പിന്നെ ഉപചോദ്യങ്ങള്‍ ഉല്‍ഭവിക്കും. അങ്ങനെ അതു നീണ്ടുപോകും. നീളുന്നതിനനുസരിച്ച് ബന്ധം വഷളാവുകയും ചെയ്യും. അങ്ങനെയങ്ങനെ മതങ്ങള്‍ രാഷ്ട്രീയംപോലെ കലാപത്തിന്റെ രംഗവേദിയായി മാറും. ഇങ്ങനെയൊക്കെയാണ് പുതിയ കാലത്ത് മതസമൂഹങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന സാഹചര്യമുണ്ടായതും ഉണ്ടാകുന്നതും.

പണ്ടത്തെ ജനത ഇന്നത്തേതിനേക്കാള്‍ സത്യസന്ധരായിരുന്നു. എല്ലാ കാര്യങ്ങളിലും തന്റെ നിലപാടിനെ വിജയിപ്പിച്ചെടുക്കുക എന്നതിനപ്പുറം സത്യത്തിലേക്ക് എത്തിച്ചേരുക എന്ന ത്വരയായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. അതിനാല്‍ അവര്‍ക്കിടയിലെ ആശയ വൈരുധ്യങ്ങളോ വാദങ്ങളോ കാര്യമായ അപകടങ്ങള്‍ ഉണ്ടാക്കിയില്ല. ഒരു മതം നിലനിന്നിരുന്ന നാട്ടിലേക്ക് ഒന്നിനുപുറകെ മറ്റൊന്നായി മതങ്ങള്‍ വന്നുചേര്‍ന്നത് വളരെ സഹിഷ്ണുതയോടെ തന്നെയായിരുന്നുവല്ലോ. ബഹുമത രാജ്യമെന്ന നിലക്ക് നമ്മുടേത് അതിനു മികച്ച ഉദാഹരണമാണ്. ഒരു മതത്തിനുള്ളില്‍തന്നെ ഇസ്‌ലാമിലെ മദ്ഹബുകള്‍ പോലെ വിവിധ ആശയധാരകള്‍ ഉണ്ടായതും അങ്ങനെയാണ്. അഥവാ ആ തലമുറക്ക് തങ്ങളുടെ വാദങ്ങളിലും വിയോജിപ്പുകളിലുമെല്ലാം തികഞ്ഞ സഹിഷ്ണുത ഉണ്ടായിരുന്നു. പക്ഷേ, ആ മുഖത്തില്‍ പറഞ്ഞതുപോലെ ഇന്നത്തെ ജനതക്ക് അത്തരമൊരു മാനസിക വികാസമില്ല. അതിനാല്‍ മതത്തിനുവേണ്ടിയോ രാഷ്ട്രീയത്തിനുവേണ്ടിയോ സംസാരിക്കുന്നവര്‍ തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കുക, ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുക, അപരരെ നിന്ദ്യമായി കടന്നാക്രമിക്കുക തുടങ്ങിയ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ഇങ്ങനെ സാധാരണക്കാര്‍ മുതല്‍ സംഘടനാ പ്രവര്‍ത്തകര്‍ വരെയുള്ളവരില്‍ നിന്നുണ്ടാകുന്നത് ഒരളവോളം സഹിക്കാം. പക്ഷേ, ആധികാരിക ഭാവത്തില്‍ മതാധ്യക്ഷന്‍മാര്‍ തന്നെ ഇത്തരം സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. അത്തരം വ്യക്തിത്വങ്ങള്‍ സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ്. അതുവഴി തങ്ങള്‍ വലിയ സമുദ്ധാരകരായിത്തീരും എന്നവര്‍ക്ക് തോന്നുന്നുവെങ്കില്‍ അതു മൗഢ്യമാണ്. സത്യത്തില്‍ അവര്‍ ചെറുതാവുകയാണ്.

ഇക്കാരണങ്ങളാല്‍ ഇക്കാലത്തെ മതപ്രബോധകരും മതത്തിനുവേണ്ടി സംസാരിക്കുന്നവരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ബഹുമത സാഹചര്യത്തില്‍. തങ്ങളുടെ ആശയം സയുക്തം മാന്യമായി അവതരിപ്പിക്കുകയും മറ്റു ദര്‍ശനങ്ങളെ മാന്യമായിമാത്രം നിരൂപിക്കുകയും ചെയ്യുക എന്നതാണത്. മാന്യമായി എന്നതിന്റെ അര്‍ഥം തരംതാഴ്ന്ന കുറ്റപ്പെടുത്തലുകള്‍, പരിഹാസങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവ ഒഴിവാക്കി എന്നാണ്. ഇതിനാണ് സഹിഷ്ണുത എന്ന് പറയുന്നത്. എല്ലാ മതങ്ങളുടെയും പൈതൃകത്തില്‍ ഉള്ളടങ്ങിയ മഹത്തായ അധ്യായമാണ് സഹിഷ്ണുത. മറ്റൊരാളെ എന്തിന്റെ പേരിലാകിലും വേദനിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിനെ നാമറിഞ്ഞിടത്തോളം ഒരു മതവും അംഗീകരികുന്നില്ല. അപ്പോള്‍ ആ മതത്തിനു വേണ്ടി സംസാരിക്കുന്നവര്‍ അങ്ങനെ ചെയ്യുക എന്നാല്‍ അത് ഉപ്പിനുതന്നെ പുഴുക്കുത്ത് ഏല്‍ക്കുന്നത്‌പോലെ സങ്കടകരമാണ്.

മനുഷ്യ സംസ്‌കാരത്തിന്റെ ഏറ്റവും പ്രഫുല്ലമായ ഈ സ്വഭാവത്തെ ഊന്നിപ്പറയുന്നതിലും മുറുകെപിടിക്കുന്നതിലും മുമ്പില്‍ തന്നെ ഇസ്‌ലാമുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഒരു മതക്കാര്‍ എങ്ങനെ വര്‍ത്തിക്കണം എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മറ്റൊരു മതക്കാരനായിപ്പോയി എന്നതുകൊണ്ട് അവനോട് കാര്യണ്യം കാണിക്കാതിരിക്കരുത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇത് വേഗം വായിക്കാന്‍ കഴിയുന്ന ഒരു ഇടമാണ് ഒരു അമുസ്‌ലിം ഒരു ഭീഷണ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അഭയം തേടിയാല്‍ ചെയ്യേണ്ട കാര്യം. അല്ലാഹു പറയുന്നു: ഇനി ഏതെങ്കിലുമൊരു ബഹുദൈവ വിശ്വാസി താങ്കളുടെ സമക്ഷം അഭയം തേടി വരുന്നുവെങ്കില്‍ അല്ലാഹുവിന്റെ വചനം കേട്ടു മനസ്സിലാക്കാനായി അവനു അഭയം നല്‍കണം; പിന്നെ സുരക്ഷിതത്വമുള്ള ഒരു സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും വേണം. അറിവു കെട്ട ഒരു ജനതയാണവര്‍ എന്നതിനാലത്രേ ഇത് (തൗബ: 6). ഒരു ശത്രുവിനോട് പോലും ഇത്ര സഹിഷ്ണുത പുലര്‍ത്തണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. മാത്രമല്ല, നിങ്ങളുടെ വിശ്വാസധാരയില്‍ ഉള്ളവരല്ലാത്തവരോട് ന്യായം കാണിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് പലയിടത്തും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഒരിടത്ത് അല്ലാഹു പറയുന്നു: മതകാര്യങ്ങളില്‍ നിങ്ങളോട് അങ്കംവെട്ടാതിരിക്കുകയും സ്വഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെപറ്റി അവര്‍ക്ക് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ തടയുന്നില്ല; നീതിപാലകരെ അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു (മുംതഹിന: 8). മനുഷ്യരെ വിവിധ മതക്കാരാക്കിയത് സ്രഷ്ടാവായ അല്ലാഹുവാണ്. അവന്‍ എല്ലാവരെയും ഒരേ അച്ചില്‍ വാര്‍ത്തെടുക്കണമെന്ന് നിനച്ചിരുന്നുവെങ്കില്‍ അതവന് കഴിയുമായിരുന്നു. എന്നിട്ടും അവനത് കരുതിയിട്ടില്ലാത്ത സ്ഥിതിക്ക് സൃഷ്ടികള്‍ ഇങ്ങനെ ബലം പ്രയോഗിക്കുന്നതില്‍ അര്‍ഥമില്ല എന്നെങ്കിലും മനസ്സിലാക്കണം.

ഇക്കാര്യത്തിലെ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കുന്ന അനുഭവമാണ് നബി (സ) മദീനയില്‍ മറ്റു മതക്കാരുടെ കാര്യത്തില്‍ സ്വീകരിച്ച സമീപനം. മദീന തന്റെ കയ്യിലെത്തവെ നബി തങ്ങള്‍ ആസ്ഥാനമായി പള്ളി ഉണ്ടാക്കുകയും അനുയായികളായ അന്‍സ്വാറുകളെയും മുഹാജിറുകളെയും സംയോജിപ്പിക്കുകയും ചെയ്ത ശേഷം കടന്നത് യതിരിബിലെ മറ്റു മതക്കാരുടെ കാര്യത്തിലേക്കായിരുന്നു. അവരുമായി നബി തിരുമേനി കരാറില്‍ ഏര്‍പ്പെട്ടു. മദീനാചാര്‍ട്ടര്‍ എന്ന ഈ ലിഖിത പ്രമാണം പഠിച്ചവര്‍ക്ക് മറ്റു മതങ്ങളെ ഇസ്‌ലാം എങ്ങനെ ഉള്‍ക്കൊളളുന്നു എന്നതില്‍ സംശയമുണ്ടാവില്ല. ജൂതര്‍, ക്രൈസ്തവര്‍ എന്നിവരുടെ ശരീരം, സ്വത്ത്, വിശ്വാസം, തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പരിപൂര്‍ണ സംരക്ഷണം നല്‍കുകയുണ്ടായി ചാര്‍ട്ടര്‍. അവര്‍ അതു ലംഘിക്കാതിരുന്ന കാലത്തെല്ലാം നബിയും മുസ്‌ലിംകളും അതു പാലിച്ചു. മറ്റൊരിക്കല്‍ അവര്‍ക്ക് ആരാധിക്കാന്‍ അവസരവും അനുമതിയും നല്‍കി. രണ്ടാം ഖലീഫ ഉമര്‍(റ) ക്രൈസ്തവരില്‍നിന്നും ഖുദ്‌സ് വീണ്ടെടുത്തപ്പോള്‍ ക്രൈസ്തവര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍, വസ്തുവകകള്‍ എന്നിവക്കെല്ലാം പരിപൂര്‍ണ സംരക്ഷണം നല്‍കിയത് ലോകം എന്നും ഓമനിക്കുന്ന ഓര്‍മയാണ്. ഇസ്‌ലാമും മുസ്‌ലിംകളും മറ്റു മതങ്ങളോട് പുലര്‍ത്തിയ സഹിഷ്ണുതക്ക് ഇങ്ങനെ നിരവധി പ്രമാണങ്ങളുടെയും അനുഭവങ്ങളുടെയും പിന്തുണയുണ്ട്. മറ്റു മതക്കാരെ അടച്ചാക്ഷേപിക്കാനോ പരിഹസിക്കാനോ വാദിച്ച് കീഴ്‌പെടുത്താനോ ഒരിക്കലെങ്കിലും ഇസ്‌ലാം ശ്രമിച്ചതായി ആര്‍ക്കും കാണിക്കാന്‍ കഴിയില്ല.

ചില മതാധ്യക്ഷന്‍മാര്‍ വളരെ വില കുറഞ്ഞ ആക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞ് വീണ്ടും മറ്റു മതങ്ങളെ പ്രത്യേകിച്ചും കടന്നാക്രമിക്കാന്‍ നടത്തിയ ശ്രമമാണ് വീണ്ടും ഇതോര്‍മ്മിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അതിനുവേണ്ടി ഉന്നയിച്ച വാദങ്ങള്‍ വളരെ വില കുറഞ്ഞതായതിനാലും മാന്യമല്ലാത്തതിനാലും അവ മറുപടി അര്‍ഹിക്കുന്നില്ല എന്നത് ഒരു കാര്യം. അതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന കാര്യം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളാണ്. ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന്‍ മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ എന്തിനാണ് അനാവശ്യമായ വിറളി കൊള്ളുന്നത്. മാന്യമായും സഭ്യമായും അത് ആരെയും വേദനിപ്പിക്കാതെ തന്നെ പറയാവുന്ന പരമാര്‍ഥമാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ വില കുറഞ്ഞ ബലപ്രയോഗങ്ങള്‍ നടത്തുന്നത് എന്ന് സ്വയം ചിന്തിച്ചാല്‍ തന്നെ മതി, നമുക്ക് ഒരു കുലമായി സമാധാനത്തോടെ ജീവിക്കാന്‍.

Test User: