X

മതം കൊലക്കത്തിയെടുത്താല്‍..-ടി.എച്ച്. ദാരിമി

പ്രബുദ്ധ കേരളത്തിലെ ചിലര്‍ അടക്കിപ്പിടിച്ചിരുന്ന അസഹിഷ്ണുതയും വൈരവുമെല്ലാം അക്രമാസക്തമായി പുറത്തു ചാടിയതിന് കഴിഞ്ഞ വാരം സാക്ഷ്യം വഹിക്കുകയുണ്ടായി. രാഷ്ട്രീയവും സാമൂഹികവുമായ വിവിധ കാരണങ്ങളാല്‍ കൊലപാതകങ്ങള്‍ ചെറിയ അളവിലാണെങ്കിലും കേരളത്തിലും വര്‍ദ്ധിച്ചു വരുന്നുണ്ട് എന്നത് ഒരു സത്യമാണ്. അവയൊന്നും ആത്മീയ വിചാരത്തിന്റെ ഇടങ്ങള്‍ ചര്‍ച്ചക്കെടുക്കാറില്ല. പക്ഷേ, ഇതങ്ങനെയല്ല. ഇത് മതം പ്രചോദനമായി നടന്നതാണ്. അതിന്റെ തെളിവാണ് വിലാപയാത്രകളില്‍ ശഹീദെന്നും ബലിദാനി എന്നുമൊക്കെ മുദ്രാവാക്യം കണക്കെ അണികള്‍ വിളിക്കുന്നത് എല്ലാവരും കേട്ടത്. സംഭവങ്ങളുടെ ന്യായാന്യായങ്ങള്‍ നമ്മുടെ ഈ ഇടത്തില്‍ ചര്‍ച്ചക്കെടുക്കുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിലേക്കു നയിച്ച കാരണങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നുമില്ല. അതെല്ലാം അതിലെ കക്ഷികളും നിയമവും കൈകാര്യം ചെയ്യുന്നുണ്ടാവും. നാം ഇവിടെ പറയുന്നതും ചിന്തിക്കുന്നതും മതവികാരം കൊലപാതകത്തിലേക്കു വളരുമ്പോള്‍ അതുണ്ടാക്കുന്ന അപകടങ്ങള്‍, മൂല്യച്യുതികള്‍, നഷ്ടങ്ങള്‍ എന്നിവയെ കുറിച്ച് മാത്രമാണ്. ഇതു പറയുമ്പോള്‍ നാം പ്രബുദ്ധ കേരളത്തിനു വേണ്ടി സംസാരിക്കുകയാണ്. കാരണം ഈ സംഭവത്തെ എല്ലാവരും ഒരേ സ്വരത്തില്‍ അപലപിക്കുകയുണ്ടായി. കേരളത്തിന്റെ സാമുദായിക ഭൂപ്രകൃതി പരിഗണിച്ചാല്‍ അപലപിച്ചവരില്‍ അധികവും മതവിശ്വാസികളാണ്. മോട്ടീവ് മതമായിട്ടും മത വിശ്വാസികള്‍ ഏറിയ പങ്കും ഇതിനെ അപലപിച്ചു എന്നു പറയുമ്പോള്‍ അതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം പറയുകയുമാണ് നാം.

മനുഷ്യന് ഏറ്റവും വിലപ്പെട്ടത് ജീവന്‍ തന്നെയാണ്. ജീവനില്ലെങ്കില്‍ പിന്നെ അവന്റെ ജീവിതത്തിന് ചലനം മാത്രമല്ല, ഒരു ആനന്ദവുമില്ല. മോഹം, പ്രതീക്ഷ, നേട്ടം എന്നീ ജീവിതത്തിന്റെ മൂന്നു അടിസ്ഥാന പ്രചോദനങ്ങളും നിലക്കുന്നു. അതിനാല്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഏറെ വേദനയുള്ള കാര്യമാണ്. ഓരോ മരണവും സങ്കടമാണ്. പക്ഷെ, ഈ സങ്കടത്തെ സഹിക്കുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. കാരണം പ്രകൃതിയുടെ പ്രതിഭാസം പോലെ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ് ഈ സ്വാഭാവിക മരണം. എന്നാല്‍ മറ്റൊരാള്‍ ഈ ജീവന്‍ കവര്‍ന്നെടുക്കുകയോ അതിനു കാരണമാകുകയോ ചെയ്താല്‍ അത് വെറും സങ്കടമായിരിക്കില്ല. സഹനത്തില്‍ അത് ഒടുങ്ങില്ല. സങ്കടം നനഞ്ഞിറങ്ങും മുമ്പ് പ്രതികാരം പതഞ്ഞുപൊന്തും. കൊല്ലപ്പെട്ടവനു വേണ്ടിയാണ് പ്രതികാരം. അവന്‍ മരിച്ചതിനാല്‍ ആ പ്രതികാര ചിന്ത നേരെ മരണപ്പെട്ടവന്റെ ആളുകളിലേക്ക് പകരും. വിഷയം കുടുംബ പരമാണെങ്കില്‍ അവന്റെ കുടുംബത്തിലേക്കും രാഷ്ട്രീയമാണെങ്കില്‍ രാഷ്ട്രീയത്തിലേക്കും മതമാണെങ്കില്‍ മതത്തിലേക്കും അതിവേഗം ആ തീ പടരും. അതോടെ ഘാതകനും അവന്റെ ഇതേ അര്‍ഥത്തിലുള്ള ബന്ധങ്ങളും വെറുതെയിരിക്കില്ല. അവരും ഈ വികാരം ഏറ്റെടുക്കം. അങ്ങനെ ഒരാളും ഒരാളും തമ്മിലുളള കശപിശ രണ്ടു വലിയ കക്ഷികള്‍ തമ്മിലുളള ഏറ്റുമുട്ടലും വൈരവുമായി പരിണമിക്കുന്നു.

ഈ കാഴ്ചപ്പാട് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞിരിക്കുന്നത് വേറെ ഒരു ശൈലിയിലാണ്. അഥവാ ഒരാളെ കൊല്ലുന്നത് ജനങ്ങളെ മുഴുവനും കൊല്ലുന്നതിനു സമാനമാണ് എന്ന ശൈലിയില്‍. അത്തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന്റെ പേരിലോ അതിന്റെ ശിക്ഷ എന്ന നിലക്കോ ഒരാള്‍ വധിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞ പ്രതികാര ചിന്ത ഉണ്ടാവില്ല എന്നു മാത്രമല്ല, അതവന്‍ അര്‍ഹിക്കുന്നതു തന്നെയാണ് എന്ന ഒരു ബോധവുമാണ് ഉണ്ടാകുക. അത് വെച്ച് ഓരോ സംഘടനക്കാര്‍ ചെയ്യുന്ന കൊലപാതകങ്ങളെ അങ്ങനെ ന്യായീകരിക്കുവാന്‍ കഴിയില്ല. കാരണം കുഴപ്പം ഉണ്ടാക്കിയതും ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതുമൊന്നും സംഘടനാ മെമ്പര്‍മാരല്ല, ഒരു നാട്ടിലെ നിയമ വ്യവസ്ഥയാണ്. അതാകട്ടെ വിധിക്കും അത് നടപ്പാക്കലിനും മുമ്പ് പഴുതടച്ച വിചാരണ കൂടി കടന്നതിനു ശേഷമാണ് ഉണ്ടാവേണ്ടത്. അതെല്ലാം കഴിയുമ്പോള്‍ ഇയാള്‍ കൊല്ലപ്പെടേണ്ടതു തന്നെയാണ് എന്ന് മൊത്തം സമൂഹത്തിന് ബോധ്യപ്പെടുകയും ചെയ്യും. വ്യവസ്ഥ ഏകപക്ഷീയമാണ് തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാലും അതൊന്നും നിയമം കയ്യിലെടുക്കുന്നതിനുള്ള ന്യായമാവില്ല. നിയമം കയ്യിലെടുക്കുന്നത് കനത്ത അരാചകത്വമുണ്ടാക്കും എന്നത് രാഷ്ട്രീയ മീമാംസയിലെ പ്രാഥമിക തത്വമാണ്.

രണ്ടാം ഖലീഫ ഉമറിന്റെ(റ) കൊലയാളിയായ അബൂ ലുഅ്‌ലുഅത്ത് എന്നയാള്‍ക്ക്, അതിന് പ്രേരണ നല്‍കിയ ഹുര്‍മുസാനെ ഉമറിന്റെ(റ) മകന്‍ ഉബൈദില്ല(റ) വധിച്ച കളയുകയുണ്ടായി. ആ വിവരം അറിഞ്ഞ ഖലീഫ അദ്ദേഹത്തെ ഹാജറാക്കി വിസ്തരിച്ചു. കുറ്റം തെളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ ഖലീഫ ഉസ്മാന്‍(റ) കൊലപാതകത്തിനുള്ള ശിക്ഷ നടപ്പിലാക്കാന്‍ വിധിക്കുകയുണ്ടായി. അതു ശരിക്കും നടപ്പിലാക്കുവാന്‍ ഒരുങ്ങിയതായിരുന്നു. പക്ഷെ, പിന്നീട് പരേതന്റെ ബന്ധുക്കള്‍ മാപ്പു നല്‍കിയതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇത്രയും വ്യക്തവും ശക്തവുമാണ് ഇക്കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാട്. ന്യായമായ കാരണമില്ലാതെയുള്ള വധം അല്ലാഹുവിന്റെ അധികാരത്തില്‍ കൈ കടത്തലാണ്. അതുകൊണ്ടാണ് ശിര്‍ക്കിനോട് ചേര്‍ത്തു മനുഷ്യവധത്തെ എണ്ണിയത്.

പരമകാരുണ്യകന്റെ ദാസന്മാരെ സംബന്ധിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അവനും ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായികൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചു കൂട്ടുകയും ചെയ്യും.’ (ഫുര്‍ഖാന്‍ 68, 69). നമ്മുടെ ചുറ്റുമുള്ള എല്ലാ മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കും സുരക്ഷയായി നിലകൊള്ളേണ്ടവനാണ് മുസ്ലിം. ഫളാലത്ബ്‌നു ഉബൈദ്(റ) പറയുന്നു: ‘നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് അവരുടെ സ്വത്തിനും ശരീരത്തിനും സുരക്ഷ നല്‍കുന്നവനാകുന്നു വിശ്വാസി’ (ഇബ്‌നുമാജ)

കൊലപാതകത്തെ എല്ലാ മതങ്ങളും ഇസ്‌ലാമിനെ പോലെ തന്നെ നിരാകരിക്കുന്നുണ്ട്. ബൈബിളിലും വേദങ്ങളിലുമെല്ലാം ആ ആശയത്തിലുള്ള സൂക്തങ്ങള്‍ കാണാം. അന്യരെ കൊല്ലരുത് എന്നു പറഞ്ഞ മതത്തിന്റെ പേരില്‍ തന്നെ അന്യരെ കൊല്ലുമ്പോള്‍ അങ്ങനെയല്ലാതെ വരാന്‍ വഴിയില്ലല്ലോ. അതുമാത്രമല്ല, ഇത്തരം സംഭവങ്ങളെ ഇന്ത്യ പോലുള്ള ഒരു ബഹുസ്വര രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഈ തരത്തില്‍ മതം വായിക്കപ്പെടാന്‍ വഴിയുണ്ടാക്കുന്നത് തികച്ചും പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുക. കാരണം ഈ ആക്രോശങ്ങള്‍ക്കും കൊലവിളികള്‍ക്കുമിടയില്‍ സ്വന്തം മതത്തിന്റെ സൗന്ദര്യവും സമഭാവനയും അടക്കമുള്ള സന്ദേശങ്ങള്‍ ആരും കാണാതെയും കേള്‍ക്കാതെയും പോകും. ഇങ്ങനെ പലരും ചെയ്തു കൂട്ടിയ വിഢിത്തങ്ങള്‍ കാരണം താടിവെച്ചും തൊപ്പി വെച്ചും പുറത്തിറങ്ങി നടക്കാന്‍ പോലും പ്രയാസമനുഭവിക്കുന്ന സാഹചര്യങ്ങള്‍ ഇതിലേക്കു ചേര്‍ത്തു വായിക്കാം.

മറ്റൊരു കാര്യം ഇവിടെ ചേര്‍ത്തു പറയേണ്ടതുണ്ട്. അത് കൊലപാതകമടക്കമുള്ള ബലപയോഗങ്ങള്‍ വഴി ഒരു ആശയത്തെ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ വിഢിത്തമാണ്. ഇത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായ തത്വമല്ല. ഏത് മതവും ആഴമുള്ള ആശയത്തെയാണ് മുന്നോട്ടു വെക്കുന്നത്. ആശയം ചിന്തകളുടെ സമാഹാരമാണ്. ചിന്ത പ്രതിഫലിക്കണമെങ്കില്‍ അത് സാവകാശം സാകൂതം മനുഷ്യബുദ്ധിയിലൂടെ ഇറങ്ങിയിറങ്ങി ചെന്ന് ഉറച്ചുനില്‍ക്കുക തന്നെ വേണം. അതു കൊണ്ടാണ് ഇസ്‌ലാം ആരാധനകള്‍ പോലും ഒരു പാട് പിന്നീടു മാത്രം നിഷ്‌കര്‍ഷിച്ചത്. ആദ്യ ഘട്ടങ്ങളിലെ സൂക്തങ്ങളും ഉപദേശങ്ങളുമെല്ലാം ആശയത്തെ മനസ്സിലുറപ്പിക്കുവാന്‍ ഉള്ളതായിരുന്നു. ദീര്‍ഘമായ പത്തു വര്‍ഷം പിന്നിട്ട ശേഷമാണ് നിര്‍ബന്ധമായ നിസ്‌കാരം പോലും കല്‍പ്പിക്കപ്പെട്ടത്. അതിനാല്‍ മതങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് തന്റെ ആശയത്തിന്റെ സമഗ്രതയും സമ്പൂര്‍ണ്ണതയും സത്യ സന്ദേശവും കേള്‍പ്പിക്കുവാനാണ്, മുഷ്ഠി ചുരുട്ടി ഭീഷണിപ്പെടുത്താനല്ല ശ്രമിക്കേണ്ടത്. ഈ തത്വങ്ങള്‍ എല്ലാം ചേര്‍ത്തു വെക്കുമ്പോള്‍ നമുക്ക് പുതിയ സംഭവവികാസങ്ങളോട് ആശയ സംവേദനത്തിന് മനസ്സില്ലാത്തവരും താല്‍പര്യമില്ലാത്തവരുമാണ് ആയുധം എടുക്കുന്നതും ആയുധമെടുക്കാന്‍ പരിശീലിപ്പിക്കുന്നതും എന്ന് പറഞ്ഞ് തന്നെ പ്രതികരിക്കേണ്ടിവരും.

 

 

 

 

 

Test User: