വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് മോദിക്കെതിരെ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ വിജയം ഉറപ്പെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി പ്രയങ്ക ചതുര്‍വേദി.
”ഇന്ത്യ മുന്നണി മുന്നില്‍ തന്നെയുണ്ട്. ആരാണ് ഈ സീറ്റില്‍ യോജിച്ച സ്ഥാനാര്‍ഥി എന്ന് ഇന്ത്യ മുന്നണി ചര്‍ച്ച ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധിയാണ് വാരാണസി മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ ഉറപ്പായും വിജയിക്കും.” പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. രാജ്യത്തെ പൊതുവികാരം കണക്കിലെടുത്താല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടന്നതെന്നും അവര്‍ വ്യക്തമാക്കി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിക്കും. അടുത്തവര്‍ഷം ഇന്ത്യമുന്നണിയില്‍ നിന്നുള്ള വ്യക്തിയായിരിക്കും പ്രധാനമന്ത്രി എന്നും പ്രിയങ്ക ചതുര്‍വേദി പ്രത്യാശ പ്രകടിപ്പിച്ചു. ”വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാം വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ ഇത് കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചെങ്കോട്ടയില്‍ നിന്ന് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ പ്രസംഗമായിരുന്നു നടന്നത്. അടുത്തവര്‍ഷം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും.” പ്രിയങ്ക ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.