‘ഫലസ്തീനികള്‍ പോകുന്നുണ്ടെങ്കില്‍ അത് ഇസ്രാഈല്‍ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രം’; ട്രംപിനെതിരെ വീണ്ടും ഹമാസ്

ഗസ്സ സ്വന്തമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വീണ്ടും ഹമാസ്. ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച ട്രംപിന്റെ പ്രസ്താവന അസംബന്ധമെന്ന് ഹമാസ് പറഞ്ഞു. ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് ഭൂമിയില്ല ഗസ്സയെന്നും ഹമാസ് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗസ്സയെ യു.എസ് ഏറ്റെടുക്കുമെന്നും റിയല്‍ എസ്റ്റേറ്റ് ഭൂമിയായി കണക്കാക്കി വികസനം സാധ്യമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഗസ്സ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഗസ്സയിലെ ഫലസ്തീനികള്‍ ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നുണ്ടെങ്കില്‍ അത് ഇസ്രാഈല്‍ കൈമാറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ഹമാസ് പറഞ്ഞു. ഹമാസ് പി.ബി. അംഗം ഇസ്സത്തുല്‍ റിഷ്ഖ് ടെലഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹമാസ് പ്രതികരിച്ചത്.

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. ഫലസ്തീനികളെ അയല്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ഗസ്സ വാസയോഗ്യമായ ഇടമല്ലെന്നും ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

അമേരിക്ക ഗസ്സ പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമൊണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളായി അമേരിക്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് ജോ ബെഡനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സഊദിയും ഖത്തറും യു.എ.ഇയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഈ ആവശ്യത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ട്രംപിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.

ട്രംപിന്റെ നിലപാടിനെതിരെ വൈറ്റ് ഹൗസിന് പുറത്ത് ഗസ്സ വില്‍പനക്കുള്ളതല്ല എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുമ്പോളാണ് ഫലസ്തീന്‍ അനുകൂലികള്‍ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധ റാലി നടത്തിയത്. ജനുവരി 19നാണ് ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ബന്ദികൈമാറ്റത്തില്‍ ഇതുവരെ 733 ഫലസ്തീന്‍ തടവുകാരും 21 ഇസ്രാഈലി തടവുകാരും മോചിതരായി. 42 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറാണ് നടപ്പിലായത്.

webdesk13:
whatsapp
line