‘പ്രഫഷനല്‍ അഭിപ്രായമെങ്കില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് എന്തിന് വിപ്ലവ ഗാനം പശ്ചാത്തലമാക്കി’; ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസd

സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യര്‍ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചില്ലെന്നും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടെന്നും പരാതിയില്‍ പറയുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടം അഞ്ചിന് എതിരാണ് ദിവ്യയുടെ നടപടിയെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നത് രാഷ്ട്രീയ നിയമനമാണെന്നും വ്യക്തിപരമായി പ്രഫഷനല്‍ അഭിപ്രായമാണ് പറഞ്ഞതെങ്കില്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയം ഉദ്ദേശിച്ചിട്ടില്ലെങ്കില്‍, ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ മികവിനെ വാഴ്ത്തി പാടുകയാണെങ്കില്‍ എന്തിന് വിപ്ലവ ഗാനത്തിലെ പശ്ചാത്തല പോസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്. ‘കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആര്‍ കവചം! ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്’ -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.

webdesk17:
whatsapp
line