ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യസ്വഭാവമുള്ള പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച സ്റ്റാലിന്‍, കേന്ദ്രം പി.എം കെയേഴ്സ് ഫണ്ട് വഴി പണം തട്ടിയെന്നും, ഇന്ത്യ അധികാരത്തില്‍ വന്നാല്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം മൂലമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ ചെറുത്ത് തോല്‍പ്പിച്ചുവെന്നും ഇനി ഭരണത്തില്‍ കയറാന്‍ കഴിയില്ലെന്നുമുള്ള പേടി കാരണമാണ് കള്ളക്കേസില്‍ കുടുക്കി എല്ലാവരെയും ജയിലില്‍ അടയ്ക്കുന്നത്. മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ഒരു പദ്ധതികളും നടപ്പാക്കിയിട്ടില്ല. എല്ലാം ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായി നില്‍ക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അഴിമതിരഹിത സര്‍ക്കാരാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മോദി എന്തുകൊണ്ട് ഇലക്ടറല്‍ ബോണ്ടിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളെ അവരുടെ കയ്യിലെ കളിപ്പാവകളെപ്പോലെ ഉപയോഗിക്കുകയാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.