ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്‌നിവീര്‍ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്‌നിവീര്‍. സൈനിക വിരുദ്ധ നടപടിയാണ് അഗ്‌നിവീര്‍ എന്നും പി ചിദംബരം പറഞ്ഞു.
കേരളത്തില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളില്‍ ആണ്. ഇവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും. കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ് – യുഡിഎഫ് പോരാട്ടമാണെന്നും അതില്‍ യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. നരേന്ദ്ര മോദി 2 കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുകയാണ് ചെയ്തത്. മോദി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു.
രാജ്യത്തെ സ്ഥാപനങ്ങള്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 10 വര്‍ഷത്തിനിടെ 32 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്റ്റിലായി. ഒരു കാര്‍ട്ടൂണിസ്റ്റിന് സ്വതന്ത്രമായി കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പോലും കഴിയുന്നില്ല. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതായെന്നും പി ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും പി ചിദംബരം പറഞ്ഞു. 22-ാം പേജില്‍ സിഎ എ യുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബിജെപി കൊണ്ടു വന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി ചിദംബരം വ്യക്തമാക്കി.