X

‘ഇന്ത്യ’ വിജയിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും മണിപ്പൂരും ഹരിയാനയുമായി മാറും: സ്റ്റാലിന്‍

ചെന്നൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ ‘ഇന്ത്യ’ വിജയിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും മണിപ്പൂരും ഹരിയാനയും പോലെ വര്‍ഗീയ, വംശീയ കലാപങ്ങള്‍ നിറയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്്റ്റാലിന്‍. വൈവിധ്യങ്ങളുടേയും ബഹുമുഖ സംസ്‌കാരങ്ങളുടേയും ഇന്ത്യയെ ജനം വീണ്ടെടുക്കണമെന്നും പൊതു പ്രശ്‌നങ്ങളെ മൂടിവെക്കാനായാണ് ബി.ജെ.പി വര്‍ഗീയതയിലൂന്നിയ പ്രചരണം നടത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ത്ത് ബി.ജെ.പിയുടെ കൂട്ടാളികളായ കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുകയാണെന്നും എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചതും വിമാനത്താവളങ്ങലളും തുറമുഖങ്ങളും ബി.ജെ.പിയുമായി ബന്ധമുള്ള കോര്‍പറേറ്റുകള്‍ക്ക് കൈമാറിയതും ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ല്‍ ഗുജറാത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതച്ചതിന്റെ ഫലമാണ് 2023ല്‍ മണിപ്പൂരിലും ഹരിയാനയിലും വര്‍ഗീയ കലാപങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘ ഇന്ത്യ’ സഖ്യം രൂപീകരിച്ചത് സാമൂഹിക നീതി, സൗഹാര്‍ദ്ദം, ഫെഡറലിസം, മതേതര രാഷ്ട്രീയം, സോഷ്യലിസം എന്നിവക്കായാണെന്നും പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെ രക്ഷപ്പെടുത്താനായില്ലെങ്കില്‍ ആര്‍ക്കും തന്നെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറലിസത്തിനെതിരെ എപ്പോഴൊക്കെ ഭീഷണിയുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഡി.എം.കെ അതിനെതിരെ മുന്നണിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പോഡ്കാസ്റ്റ് പരമ്പരയിലൂടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു സ്റ്റാലിന്‍. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായാണ് സ്റ്റാലിന്റെ പോഡ്കാസ്റ്റ് സംപ്രേഷണം ചെയ്തത്.

webdesk11: