മഡ്ഗാവ്: ഇന്ന് വലന്റൈന്‍സ് ഡേ. ലോക പ്രണയദിനം. ഈ പ്രണയ ദിനത്തില്‍ വിജയത്തെ മാത്രം പ്രണയിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ അവസാന മല്‍സരത്തില്‍ ജംഷഡ്പ്പൂര്‍ എഫ്.സിയോട് മൂന്ന് ഗോളിന് തകര്‍ന്ന മഞ്ഞപ്പടക്ക് ഇന്നും തോല്‍ക്കാനാവില്ല.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ടീം. ഇനിയുളള മല്‍സരങ്ങള്‍ ഏ.ടി.കെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്.സി എന്നീ കരുത്തര്‍ക്കെതിരെയായതിനാല്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ് നിര്‍ബന്ധമാണ്. പരുക്കും സസ്‌പെന്‍ഷനുമെല്ലാം ടീമിനെ അലട്ടുന്നുണ്ട്. ഇന്നത്തെ മല്‍സരത്തില്‍ റുവ ഹോര്‍മിപാം, ഹര്‍മന്‍ജോത് കബ്ര, മാര്‍കോ ലെസ്‌കോവിച്ച് എന്നിവരുടെ സേവനം ഉറപ്പില്ല.
എന്നാല്‍ ചിലരുടെ പരുക്കോ സസ്‌പെന്‍ഷനോ ടീമിനെ ബാധിക്കില്ല എന്നാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കുന്നത്. ടീമില്‍ ധാരാളം താരങ്ങളുണ്ട്. എല്ലാവരും മിടുക്കരാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങളില്ല. ഇനിയുള്ള എല്ലാ മല്‍സരങ്ങളും പ്രധാനമാണ്. ഇന്നത്തെ മല്‍സരത്തില്‍ വിജയിക്കണം. വ്യക്തമായും മൂന്ന് പോയിന്റ് സ്വന്തമാക്കണം-കോച്ച്് വ്യക്തമാക്കി.
പെരേര, വാസ്‌ക്കസ്, ലൂന ത്രയം ഇന്ന് ഇറങ്ങുന്നുണ്ട്. പെരേര അവസാന മല്‍സരത്തില്‍ കളിക്കാതിരുന്നത് ടീമിനെ കാര്യമായി ബാധിച്ചിരുന്നു. സെമി ഫൈനല്‍ ഉറപ്പ് വരുത്താന്‍ മഞ്ഞപ്പടക്ക് ഇനിയുള്ള എല്ലാ മല്‍സരങ്ങളും നിര്‍ണായകമാണ്. പ്രത്യേകിച്ച് ബഗാനും ബെംഗളൂരുവും കരുത്തരായി തിരികെയെത്തിയ സാഹചര്യത്തില്‍.അതേ സമയം തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ ഈസ്റ്റ് ബംഗാളിന് ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചു കയറുക എളുപ്പമല്ല.