അബുദാബി: കേരളത്തില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോകസഞ്ചാരിയും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. അടുത്ത തലമുറയെ സംരംഭകരാക്കാനുള്ള ലക്ഷ്യവുമായി മുന്നേറിയില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കും. അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയായി ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി തേടിപ്പോയ മലയാളിയുടെ ജോലിതേടിയുള്ള പാലായനത്തിന് വേഗതയേറുകയും വന്‍വര്‍ധനവ് ഉണ്ടായിരിക്കുകയുമാണ്. അടുത്ത തലമുറയെ കേരളത്തിലെ സംരഭകരാക്കുന്ന നടപടിക്ക് ഇപ്പോള്‍തന്നെ തുടക്കമിടണം. അല്ലാത്തപക്ഷം രൂക്ഷമായ നിരവധി പ്രയാസങ്ങള്‍ക്ക് സാക്ഷിയാവേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസചരിത്രത്തിലെല്ലാം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും സ്വന്തം അസ്തിത്വം തേടുന്ന തലമുറയുടെ പ്രയാണം കാണാവുന്നതാണ്. അടുത്ത തലമുറക്ക് അത് നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സംരംഭകരെ ആദരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം കേരളത്തില്‍ ഒരുക്കപ്പെടണമെന്നും സന്തോഷ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള സംരംഭങ്ങള്‍ക്കാണ് വിജയമെന്നും കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മെയ്വഴക്കത്തോടെ പെരുമാറുന്നതിലാണ് സംരംഭകരുടെ വിജയം. എങ്ങനെയെങ്കിലുമൊരു തൊഴില്‍ നേടുകയെന്ന ലക്ഷ്യത്തോടെയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം സമൂലം പരിഷ്‌ക്കരിക്കേണ്ട കാലം പിന്നിട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് ഉത്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി റവ. ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. സഹവികാരി റവ.അജിത് ഈപ്പന്‍ തോമസ്, മാര്‍ത്തോമ്മാ യുവജനസഖ്യം കേന്ദ്ര സെക്രട്ടറി റവ.ഫിലിപ്പ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്‍, സെക്രട്ടറി അനില്‍ ബേബി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ദിപിന്‍ വര്‍ഗീസ് പണിക്കര്‍, ഇടവക വൈസ് പ്രസിഡന്റ് ബിജു പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ യുവജസഖ്യത്തിനു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.