X
    Categories: Social

രാജ്യത്ത് ഫെയ്‌സ്ബുക്കും ഗൂഗിളും നിരോധിക്കുമോ?

കൊച്ചി: രാജ്യത്തിന്റെ വിവര സുരക്ഷയെ ബാധിക്കുമെന്നും നിരവധി പരാതികള്‍ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ചാണു പബ്ജി ഉള്‍പ്പടെ 118 ആപ്പുകള്‍ കൂടി സര്‍ക്കാര്‍ നിരോധിച്ചത്. അതേസമയം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണമില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

ഈ ആപ്പുകള്‍ക്കെതിരെ ലഭിച്ച പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര മന്ത്രാലയം പരിപാലിക്കുന്നില്ലെന്നാണ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള സൈബര്‍ ലോ, സൈബര്‍ സെക്യൂരിറ്റിയുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടേതാണ് മറുപടി എന്നതാണ് പ്രസക്തം. രാജ്യത്തെ ഡിജിറ്റല്‍, സൈബര്‍ മേഖലകളില്‍ ഉയരുന്ന സുരക്ഷാ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയും ഇതു സംബന്ധിച്ച് നിയമ നിര്‍മാണത്തില്‍ വരെ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്ന വിഭാഗത്തിന്റെ പക്കല്‍ ഇത്തരത്തില്‍ ഒരു വിവരങ്ങളും ഇല്ലെന്നത് വിചിത്രമാണ് എന്നാണ് വിലയിരുത്തല്‍. ഇതുവരെ രാജ്യത്ത് 224 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലും ബെംഗളൂരുവില്‍ നടന്ന ആക്രമണങ്ങള്‍ക്കും ഫെയ്‌സ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാരണമായിട്ടുണ്ടെന്ന തെളിവുകള്‍ പുറത്തു വന്നിട്ടും ഇവയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആക്ട് 2000 പ്രകാരം നടപടി എടുത്തിട്ടില്ല.

ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ഇവയ്‌ക്കെതിരെ നിവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട ആപ്പുകള്‍ക്കെതിരെ ഇത്തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷത്തു നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഓരോ പൗരന്റെയും വ്യക്തിഗത വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നു പറയുമ്പോള്‍ എന്തുകൊണ്ടാണ് ഏറ്റവും പ്രചാരത്തിലുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഒരു നടപടി പോലും സ്വീകരിക്കാത്തത്? ഗൂഗിളും ഫെയ്‌സ്ബുക്കും എല്ലാം ലഭ്യമാകുന്ന വ്യക്തി വിവരങ്ങളും സെര്‍ച്ചുകളും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നും മറ്റ് വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്നെന്നും ദീര്‍ഘകാലമായി പരാതി ഉയരുന്നുണ്ട്.

Test User: