ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യം ബ്രിട്ടനില്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ലോക രാജ്യങ്ങളും ആകാംശയിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളും വലിയ ചര്‍ച്ചയാകുന്നുണ്ട്. പ്രതിപക്ഷ കക്ഷികളായ ലേബറും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മഹാഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ അത്തരമൊരു തീരുമാനത്തിന് സാധ്യതയില്ല.
തിരഞ്ഞെടുപ്പു നടന്നാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കുകയും വേണ്ട. പുതിയ നേതാവിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കുമെന്നാണ് രാജി പ്രഖ്യാപനത്തില്‍ ലിസി ട്രസ് അറിയിച്ചത്. പാര്‍ട്ടി എംപിമാരുടെ കൂട്ടായ്മായായി ഉണ്ടാക്കിയ കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയും അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവ് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. എന്നാല്‍ ഈ നേതാവ് ആരാകും എന്നറിയാനാണ് ഏവര്‍ക്കും ആകാംക്ഷ. ലിസ് ട്രസിനെതിരെ മല്‍സരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സിലര്‍ ഋഷി സുനാക് തന്നെയാണ് പട്ടികയിലെ ഒന്നാമന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി വീണ്ടും നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുമെന്നും നേതാവാകുമെന്നുമാണ് പ്രവചനം.
കഴിഞ്ഞ തവണ ഒന്നാം റൗണ്ടില്‍ മല്‍സരത്തിനുണ്ടായിരുന്ന പെന്നി മോര്‍ഡന്റിന്റെ പേരും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുതിര്‍ന്ന നേതാവ് മൈക്കിള്‍ ഗോവ് എന്നിവരാണ് സാധ്യത കല്‍പിക്കപ്പെടുന്ന മറ്റുള്ളവര്‍. ബോറിസിനെതിരെയും തെരേസ മേയ്‌ക്കെതിരെയും ലിസിനെതിരെയും മല്‍സരിച്ചിട്ടുള്ള നിലവിലെ ചാന്‍സിലര്‍ ജെറമി ഹണ്ട് താന്‍ ഇനി മല്‍സരത്തിനില്ല എന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് മടങ്ങിയെത്തിയാല്‍ അതും ബ്രിട്ടിഷ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാകും.