X

‘ബി.ജെ.പി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകും’: പി.കെ കുഞ്ഞാലിക്കുട്ടി

പ്രതിസന്ധിഘട്ടങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനെയും തരണം ചെയ്യുന്നവരാണ് മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൗരത്വ വിഷയത്തിലും പലസ്തീന്‍ വിഷയത്തിലും മറ്റ് പൊതു സമൂഹത്തെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നത്തിലും ഈ കടപ്പുറത്ത് അത് തെളിയിച്ചു. പലസ്തീന്‍ റാലി അന്തര്‍ ദേശീയ അഭിപ്രായമുണ്ടാക്കിയെടുത്തു. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ് എന്ന് അദ്ദേഹം പറഞ്ഞു.

അത് രാഷ്ട്രീയ വിജയമുണ്ടാക്കാനല്ല മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനാണ്. ജനാധിപത്യത്തിന്റെ തുടര്‍ച്ചക്കാണ്. എന്നാല്‍ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കുന്നത്. അതിനാണ് ശ്രീരാമനെ അവര്‍ കൂട്ടുപിടിക്കുന്നത്. അവര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നതില്‍ സംശയമില്ല. അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസം എല്ലാവരുടേയും അവകാശമാണ്. അത് സമാധാനത്തിന്റെ സന്ദേശമാണ്. അത് തീവ്ര വാദത്തിനെതിരാണ്. മതത്തെ ഉപയോഗിച്ചുകൊണ്ട് തീവ്രവാദത്തെ വളര്‍ത്താന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെതിരെ ശബ്ദിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാര്‍ഗ്ഗം അതാണ്. അന്ന് മുതല്‍ രംഗത്ത് വന്ന തീവ്രവാദ സംഘടനകള്‍ ലീഗിനെതിരെ പല കോലത്തിലും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. എന്നാല്‍ ലീഗിനൊരു കോട്ടവും തട്ടിയില്ലെന്ന് മാത്രമല്ല അവരെല്ലാം നാമാവശേഷമായത് നാം കണ്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് സാഹോദര്യം വളരണം. അതിന് സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അതിന്നായി ശബ്ദിക്കണം. ഇടയാനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയല്ല മുസ്ലിം ലീഗ് സഞ്ചരിക്കുന്നത്. അതിന് നായകനുണ്ട്.മുമ്പുണ്ടായിരുന്നവര്‍ കാണിച്ചുതന്ന അതേ മാതൃക പിന്‍പറ്റി തന്നെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. പാണക്കാട് കുടുംബം സമുദായത്തെ ഇപ്പോഴും നയിക്കുന്നത്. ആ നായകത്വത്തില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാക്കി. ഇതൊക്കെ കണ്ട് കണ്ണ് തള്ളിയവര്‍ വിദ്വേഷത്തിന്റെ മുദ്രാവാക്യം മുഴക്കി വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അതിനെതിരെ ഇന്ത്യമുന്നണിയെ വിജയിപ്പിക്കണം.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അധികാരത്തിലെത്തിക്കണം. നല്ല നാളുകളിലേക്ക് ഇന്ത്യയെ മടക്കൊണ്ട് വരണം. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

webdesk14: