കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് വിവാഹവും മതവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ ആകില്ലെന്നും ജസ്റ്റിസുമാരായ സന്‍ജിബ് ബാനര്‍ജി, അര്‍ജിത് ബാനര്‍ജി എന്നിവര്‍ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
പല്ലഭി സര്‍ക്കാര്‍ എന്ന, ഇപ്പോള്‍ ആയിശ ഖാതൂന്‍ എന്ന് മതം മാറി പേരുമാറ്റിയ 19കാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 15 മുതല്‍ മകളെ കാണാനില്ല എന്നാണ് പരാതി. അന്വേഷിച്ചപ്പോള്‍ അസ്മാഉല്‍ ശൈഖ് എന്നയാളെ മകള്‍ വിവാഹം കഴിച്ചതായി അറിഞ്ഞെന്നും മാതാപിതാക്കള്‍ പറയുന്നു.
‘അവര്‍ക്ക് 19 വയസ്സായി. അവരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ അവരുടെ ഇഷ്ടപ്രകാരം മതം മാറിയാലും വീട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കാതിരുന്നാലും അതില്‍ ഇടപെടാന്‍ സാധിക്കില്ല-
ഹൈക്കോടതിയെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, മുരുതിയ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ പരാതിയില്‍ യുവതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതും വിവാഹം കഴിച്ചതും എന്നാണ് അവര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നത്.
യുപിയില്‍ ‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്’ എതിരെ ബിജെപി സര്‍ക്കാര്‍ ഈയിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി ശ്രദ്ധേയമാകുന്നത്.