X

ആധാര്‍- ആര്‍സി പൊരുത്തമില്ലെങ്കില്‍ വാഹന വകുപ്പിന്റെ സേവനം മുടങ്ങും

മോട്ടര്‍ വാഹന വകുപ്പിന്റെ ‘പരിവാഹന്‍’ സൈറ്റില്‍ വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ഉടമകളുടെ ആധാറും ലിങ്ക് ചെയ്തതോടെ ആധാര്‍ കാര്‍ഡിലും ആര്‍സിയിലും പേരും ഫോണ്‍ നമ്പറും മാറ്റമുള്ളവര്‍ക്ക് വാഹനസംബന്ധമായ സേവനങ്ങള്‍ക്കു ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഫീസ് അടയ്ക്കുന്നതിനു വാഹന ഉടമയുടെ ആര്‍സിയിലെ പേരും ആധാറിലെ പേരും ഒന്നായിരിക്കണം.

ആധാറില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ആര്‍സിയിലും നല്‍കണം. നിലവില്‍ നേരത്തേ എടുത്ത ആധാര്‍ കാര്‍ഡിലും പേരിനൊപ്പം ഇനിഷ്യല്‍ ഇല്ലാത്ത പ്രശ്‌നമുണ്ട്. എന്നാല്‍ ആര്‍സിയില്‍ ഇനിഷ്യല്‍ ഉണ്ടാകും. ഈ വ്യത്യാസം ഉള്ളവര്‍ക്കു മോട്ടര്‍ വാഹന വകുപ്പിന്റെ സേവനം ലഭിക്കുന്നതിനു ഇനി തടസ്സം വരും.

ബാങ്ക് വായ്പയില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് തിരിച്ചടവു കഴിഞ്ഞാല്‍ ആര്‍സിയില്‍ നിന്നു ബാങ്ക് വായ്പ ഭാഗം ഒഴിവാക്കുന്നതിനും ഉടമവകാശം മാറ്റുന്നതിനുമൊന്നും ആധാര്‍, ആര്‍സി വിവരങ്ങള്‍ വ്യത്യസ്തമായാല്‍ പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ ആര്‍സിയിലെ വിവരങ്ങള്‍ മാറ്റുകയോ അതല്ലെങ്കില്‍ ആധാര്‍ കാര്‍ഡില്‍ ആര്‍സിയിലെപ്പോലെ പേരും ഫോണ്‍ നമ്പറും നല്‍കുകയോ വേണ്ടിവരും.10 ദിവസം മുന്‍പാണ് വാഹന റജിസ്‌ട്രേഷന്‍ (ആര്‍സി) രേഖയും ആധാറും കേന്ദ്ര സര്‍ക്കാര്‍ ലിങ്ക് ചെയ്തത്. പരിവാഹന്‍ സൈറ്റില്‍ ഫീസ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ എത്തിയ പലര്‍ക്കും സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാതെയായി. ഇത്തരം വാഹന ഉടമകള്‍ മാറ്റം വരുത്തി ആര്‍ടിഒ അപ്രൂവല്‍ നേടിയാലേ ഇനി പരിവാഹന്‍ സൈറ്റില്‍ പണം അടയ്ക്കാന്‍ കഴിയൂ.

ഏതൊരു വാഹന ഉടമയ്ക്കും ഓണ്‍ലൈനില്‍ ആര്‍സിയും ആധാറും ലിങ്ക് ചെയ്യാന്‍ കഴിയും. പരിവാഹന്‍ സൈറ്റില്‍ ആര്‍സിയിലെ പേരും ഫോണ്‍ നമ്പറും തിരുത്താം. ശേഷം ഓണ്‍ലൈനില്‍ തന്നെ ആര്‍ടിഒ അപ്രൂവല്‍ ഓപ്ഷന്‍ എന്ന ബട്ടന്‍ ക്ലിക് ചെയ്ത് അപ്രൂവലിനു അയയ്ക്കണം. ആര്‍ടിഒ അപ്രൂവല്‍ ലഭിച്ചാല്‍ വിവിധ ഫീസുകള്‍ അടയ്ക്കാന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനില്‍ മാറ്റത്തിനു സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നില്ല.

webdesk14: