ഒരു ഗുജറാത്തുകാരന് ഒരുപാട് രാജ്യങ്ങളില്‍ പോകാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഒരു ബംഗാളിക്ക് കഴിയില്ലെന്ന ചോദ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ പരാമര്‍ശം. ഗോവയിലെ അസോനോറയില്‍ റാലിയില്‍ സംസാരിക്കെയായിരുന്നു മമത ചോദ്യം ഉന്നയിച്ചത്.
താന്‍ ബംഗാളിയാണ് അങ്ങനെ വരുമ്പോള്‍ നരേന്ദ്ര മോദി ഗുജറാത്തിയാണ്. ഗുജറാത്തിയായത് കൊണ്ട് അദ്ദേഹത്തോട് ഇവിടെ വരാന്‍ പാടില്ലെന്ന് നമ്മള്‍ പറയുമോ, മമത ചോദിച്ചു.
ഒരു ബംഗാളിക്ക് ദേശീയഗാനം എഴുതാമെങ്കില്‍ മറ്റൊരു ബംഗാളിക്ക് ഗോവയില്‍ വരാന്‍ പാടില്ല എന്നാണോ എന്നും മമത വിമര്‍ശിച്ചു.
ദേശീയ നേതാവ് എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണെന്നും മമത ഓര്‍മപ്പെടുത്തി.
തന്റെ പാര്‍ട്ടിയുടെ ഗോവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് മറ്റ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് മമത വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ പിന്തുണ നല്‍ക്കാനാണ് എത്തിയതെന്നും നിയന്ത്രിക്കാനല്ല എന്നും പറഞ്ഞു. ഗോവയിലെ ജനങ്ങള്‍ തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഡല്‍ഹിയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ ഗോവയെ ആരും നിയന്ത്രിക്കില്ലെന്നും മമത വ്യക്തമാക്കി.