X

ഇദ്‌ലിബ്: പരിഹാരമില്ലാതെ തെഹ്‌റാന്‍ ഉച്ചകോടി സമാപിച്ചു

തെഹ്‌റാന്‍: സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈനിക നടപടി ഒഴിവാക്കാനുള്ള തുര്‍ക്കി, ഇറാന്‍, റഷ്യ ശ്രമം പരാജയപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും നടത്തിയ ചര്‍ച്ച ഇദ്‌ലിബ് വിഷയത്തില്‍ പ്രതീക്ഷയൊന്നും നല്‍കാതെയാണ് അവസാനിച്ചത്.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയ പ്രക്രിയ മാത്രമാണ് ഏക വഴിയെന്നും മൂവരും അന്തിമ പ്രസ്താവനയില്‍ വ്യക്തമാക്കി. തെഹ്‌റാനില്‍ ത്രിരാഷ്ട്ര ഉച്ചകോടി നടക്കുമ്പോള്‍ റഷ്യന്‍, സിറിയന്‍ പോര്‍വിമാനങ്ങള്‍ ഇദ്്‌ലിബില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഉര്‍ദുഗാന്റെ നിര്‍ദേശത്തെ പുടിനും റൂഹാനിയും എതിര്‍ത്തു. സൈനിക നടപടി കൂട്ടക്കുരുതിക്ക് കാരണമാകുമെന്നും വന്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി.

ഐ.എസിനെപ്പോലുള്ള ഭീകരവാദികളെ ഒഴിവാക്കിക്കൊണ്ടുള്ള വെടിനിര്‍ത്തല്‍ ഫലം ചെയ്യില്ലെന്നായിരുന്നു പുടിന്റെ വാദം. അതിര്‍ത്തിയില്‍ മുഴുക്കെ സിറിയക്ക് നിയന്ത്രണാധികാരമുണ്ടെന്നും വിഘടനവാദികളാണ് ഇദ്‌ലിബ് കൈയടക്കിവെച്ചിരിക്കുന്നതെന്നും റുഹാനിയും പറഞ്ഞു. ഇറാന്റെയും റഷ്യയുടെയും ശക്തമായ പിന്തുണയോടെയാണ് പ്രസിഡന്റ് ബഷാറുല്‍ അസദ് വിമതരുമായി പോരാടുന്നത്. ഇദ്‌ലിബ് ആക്രമണം തുര്‍ക്കിയിലേക്ക് വീണ്ടും അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് ഉര്‍ദുഗാന്‍ ഭയക്കുന്നു. സിറിയയില്‍നിന്ന് വിമതരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്ന് റൂഹാനി വ്യക്തമാക്കി.

chandrika: