ദമസ്‌കസ്: വിമത ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ രാസായുധം പ്രയോഗിക്കാനുള്ള തയാറെടുപ്പിലാണ് സിറിയന്‍ സേനയെന്ന് അമേരിക്ക. സിറിയന്‍ ഭരണകൂടത്തിന്റെ രാസാക്രമണ പദ്ധതിക്ക് വ്യക്തമായ തെളിവുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഉപദേഷ്ടാവ് ജിം ജെഫ്‌റി പറഞ്ഞു.
ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ചേക്കുന്ന സൈനിക നടപടിക്കാണ് സിറിയയും റഷ്യയും തയാറെടുക്കുന്നത്. ഇദ്‌ലിബിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. 10 ലക്ഷം കുട്ടികളടക്കം 29 ലക്ഷം ജനസംഖ്യയുള്ള ഇദ്‌ലിബില്‍ രാസായുധം പ്രയോഗിക്കുന്നതിനെതിരെ അമേരിക്ക നേരത്തെ തന്നെ സിറിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണകൂടമോ സഖ്യകക്ഷികളോ രാസായുധം പ്രയോഗിച്ചാല്‍ തിരിച്ചടിക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. ആക്രമണം വന്‍ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.