സിറിയയുടെ പശ്ചിമ നഗരമായ ഇദ്‌ലിബിലെ ദാരുണ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റഷ്യയുടെയും സിറിയയുടെയും സൈന്യം ഇദ്‌ലിബില്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമങ്ങളില്‍ മരണപ്പെട്ടവരുടെയും ആക്രമത്തിനിരയായുവരുടെയും എണ്ണ കുത്തനെ കൂടിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിലെ ആക്രമത്തില്‍ പതിനെട്ട് പൗരന്മാരെങ്കിലും മരണപ്പെട്ടിരിക്കുമെന്ന് കണക്കാക്കുന്നു. യു.എന്‍ രക്ഷാ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പുറത്തുവിട്ട കണക്കാണിത്. തുടര്‍ച്ചയായ ബോംബ്-ഗ്യാസ് ആക്രമങ്ങളെ തുടര്‍ന്ന് 45 ലേറെ പേര്‍ ഗുരുതരമായ പരിക്കേറ്റ് കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘റഷ്യന്‍ സേന ഭ്രന്തമായാണ് പെരുമാറുന്നത്. അവര്‍ രാപകലില്ലാതെ സ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ യുദ്ധവിമാനങ്ങള്‍ താമസമേഖലയില്‍ പതിച്ചുകൊണ്ടിരിക്കുന്നു’ പ്രദേശിക മാധ്യമ പ്രവര്‍ത്തകനായ ഹാദി അബ്ദുല്ല പറയുന്നു. ഇന്നലെ രാത്രി മുതലാണ് കൂട്ടക്കൊല ആരംഭിച്ചത്. എല്ലാ പ്രദേശങ്ങളും വിറച്ചുകൊണ്ടിരിക്കുന്നു. ഏകദേശം പന്ത്രണ്ടു വീടുകളെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണ്ണമായി തരിപ്പണമായിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച റഷ്യന്‍ സൈന്യത്തിനെതിരെ ഹയാത്തെ തഹ് രീറെ ശാം എന്ന സംഘടന ചെറിയ രീതിയിലുള്ള പ്രതിരോധം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് റഷ്യന്‍ സൈന്യം അക്രമം കടുപ്പിച്ചത്. വിമത ഗ്രൂപ്പകള്‍ക്കെതിരെയാണ് അക്രമം നടത്തുന്നതെന്ന് സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണ് അക്രമം നടക്കുന്നത്.