കോഴിക്കോട് : ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതി വെച്ച ആശയങ്ങള്‍ ആണ് ഇപ്പോള്‍ മണിപ്പൂരില്‍ സംഘ്പരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നഗരത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതപരമായി മുസ്ലിംകളും ക്രിസ്ത്യാനികളും ശത്രുക്കളാണെന്നും അവരെ ഇല്ലാതാക്കണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞു വെച്ചത്. പാര്‍ലമെന്റില്‍ അക്രമണങ്ങളെ അപലപിച്ച് പ്രസ്താവന നടത്താന്‍ നരേന്ദ്ര മോദി തയ്യാറാകാത്തത് അക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശ ഉള്ളത് കൊണ്ടാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെ അക്രമണങ്ങള്‍ ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ബാലിശമാണ്. മണിപ്പൂരില്‍ രാഷ്ട്രീയമായ കാരണങ്ങളാലും ഭരണകൂട ഒത്താശയോടും കൂടിയാണ് സ്ത്രീകള്‍ക്ക് നേരെ അക്രമണങ്ങള്‍ നടക്കുന്നത്. ഇത് മറ്റ് അക്രമ സംഭവങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലഘൂകരിക്കാന്‍ സാധിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
രത്നങ്ങളുടെയും നൃത്തങ്ങളുടെയും സംഗീതത്തിന്റെയും നാടായ മണിപ്പൂരിനെ വംശഹത്യയുടെ നാടായി മാറ്റിയത് വേദനാജനകമാണെന്ന് സി.എസ്.ഐ സെന്റ് മേരീസ് ചര്‍ച്ചിലെ വികാരി റവ. ഫാദര്‍ ടി.ഐ ജെയിംസ് പറഞ്ഞു. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമുള്ള യൂത്ത് ലീഗിന്റെ തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ വേട്ടയാടപ്പെുന്നത് ക്രൈസ്തവ സമൂഹമാണെന്നതിനേക്കാള്‍ മനുഷ്യര്‍ക്ക് നേരെയുള്ള അക്രമമായിട്ടാണ് നോക്കികാണാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തുടര്‍ന്നു. അവിടെ സമാധാനം പുന:സ്ഥാപിക്കാന്‍ ഭരണകൂടം ഇടപെടണമെന്നും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് വസുദൈവ കുടുംബകം എന്ന ആശയത്തില്‍ മുന്നോട്ട് പോകാന്‍ തയ്യാറാകണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് മുസ്ലിം യൂത്ത്ലീഗ് ജില്ലതലത്തില്‍ റാലികള്‍ നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും ഉണ്ടായ യുവജന പ്രാതിനിധ്യം വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നതായി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ്, മോദിസവും ഫാസിസവും നാടിന്നാപത്ത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാന്‍ കയ്യിലേന്തി. കേന്ദ്ര സര്‍ക്കാരിനെതിരുയെ മണിപ്പൂര്‍ സര്‍ക്കാരിനെതിരെയും ശ്ക്തമായ പ്രതിഷേധം അലയടിച്ചു. മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച റാലി, മാവൂര്‍ റോഡ്, ബാങ്ക് റോഡ് വഴി സി.എച്ച് ഓവര്‍ബ്രിഡ്ജിന് സമീപം സമാപിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, എന്‍.സി അബൂബക്കര്‍, ആഷിഖ് ചെലവൂര്‍, റഷീദ് വെങ്ങളം പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. സി. ജാഫര്‍ സാദിഖ്, എസ്.വി ഷൗലീക്ക്, ഷഫീഖ് അരക്കിണര്‍, സയ്ദ് അലി തങ്ങള്‍, ഹാരിസ് കൊത്തികുടി, എ. സിജിത്ത് ഖാന്‍, സെയ്ദ് ഫസല്‍ എം.ടി, എം.പി. ഷാജഹാന്‍, ഒ.എം നൗഷാദ്, ശുഹൈബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുല്‍ ജലീല്‍, അഫ്നാസ് ചോറോട്, ശ്വാഹിബ് മുഹമ്മദ്. കെ.ടി റഊഫ്, ഷാക്കിര്‍ പാറയില്‍ നേതൃത്വം നല്‍കി.