X

സ്വത്വം അമൂല്യം; സ്ത്രീത്വം അഭിമാനം

ആയിഷ ബാനു പി.എച്ച്‌

മൂല്യങ്ങളെ മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് മനുഷ്യത്വത്തിന്റെ ആന്തരിക സത്ത. തലച്ചോറിന്റെ കാടുകയറിയ ചിന്തകള്‍ ഉത്പാദിപ്പിക്കുന്ന ഇച്ഛകള്‍ക്കപ്പുറമുള്ള ഹൃദയത്തിന്റെ ഉള്‍വിളികളാണ് മനുഷ്യനെ വ്യതിരിക്തമാക്കുന്നത്. ആത്മീയമെന്നോ ആദര്‍ശാധിഷ്ഠിതമെന്നോ സദാചാരമെന്നോ പേരിട്ടു വിളിക്കുന്ന ഉള്‍ക്കരുത്താണ് സ്വത്വം. എല്ലാ കെട്ടുപാടുകളും വെട്ടിയറുത്ത് സ്വതന്ത്ര ലോകത്തെ അപ്പൂപ്പന്‍ താടിപോലെ പറക്കുന്നതാണ് പുരോഗമനമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ മാനവ കുലത്തിന്റെ ശത്രുക്കളാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെയോ സ്വതന്ത്ര ചിന്തകളുടെയോ കേവലം പളപളപ്പ് അല്‍പ്പത്തം മാത്രമാണ്. പട്ടത്തിന്റെ അതിരുകള്‍ നിശ്ചയിക്കുന്ന നൂലിനോടുള്ള ഈര്‍ഷ്യതക്ക് നവോത്ഥാനം എന്നു പറയാനാവില്ല. പട്ടത്തിന്റെ നൂലാണ് ശക്തി; സ്വത്വം അമൂല്യമാണ്.

അപ്പൂപ്പന്‍ താടിയെപോലെ പാറി നടക്കുന്നതല്ല, വേരുകളിലേക്ക് പൊക്കിള്‍കൊടി ബന്ധം ചേര്‍ക്കുന്ന നൂലിന്റെ കരുത്തിലാണ് അതിരുകളില്ലാത്ത ആകാശത്ത് വര്‍ണരാജി വിരിയിക്കാനാവുക. ആത്മീയവും ഭൗതികവും ദേശവും കാലവും വര്‍ഗവും വര്‍ണ്ണവും തുടങ്ങി സകല വൈചാത്യങ്ങളുടെയും സാധ്യതകളെ പരിമിതിക്കപ്പുറം അനുഗുണമാക്കി സ്വത്വ വികാസത്തിലൂടെ നവചൈതന്യം ആര്‍ജ്ജിക്കുകയെന്നതാണ് ദൗത്യം. കറുത്തവന്‍, ദലിതന്‍, മുസ്്‌ലിം, പെണ്ണ് തുടങ്ങിയ അടിച്ചമര്‍ത്തപ്പെടേണ്ടതാണെന്ന് ചാപ്പകുത്തപ്പെട്ട വിഭാഗങ്ങളെ അപകര്‍ഷതയില്‍നിന്ന് വിമോചിപ്പിക്കുകയാണ് ലക്ഷ്യം. പെണ്ണെന്നാല്‍ അപലയും ചപലയും വില്‍പന ചരക്കുമാണെന്ന് ധ്വനിപ്പിക്കുന്നവരും അഹന്തയുടെ മയിലാട്ടത്തിലൂടെ തുള്ളിച്ചാടിച്ച് ചതുപ്പിലേക്ക് വഴിതെളിക്കുന്നവരും ഒരുപോലെ സ്ത്രീകളുടെ ശത്രുക്കളാണ്. മഹിളാജന്മം കരഞ്ഞുതീര്‍ക്കേണ്ട ഗതികേടല്ല; സ്ത്രീത്വം അഭിമാനമാണ്. സ്ത്രീയാണെന്ന് അഭിമാനത്തോടെ ഉള്‍ക്കൊള്ളാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും പ്രാപ്തമാകുന്നതോടൊപ്പം മാനസികമായി സ്ത്രീ കരുത്തയാണെങ്കിലും കായിക ബലത്തില്‍ പുരുഷനു പിന്നിലാണെന്നും തിരിച്ചറിയണം. പുരുഷന്‍ സ്ത്രീയുടെ എതിരാളിയാണെങ്കിലല്ലേ അതില്‍ ആശങ്കക്ക് അടിസ്ഥാനമുള്ളൂ. പുരുഷന്‍ സ്ത്രീയുടെ ശത്രുവാണെന്ന തലതിരിഞ്ഞ ഫെമിനിസമാണ് ഇത്തരം നെഗറ്റിവിസത്തില്‍ അവളെ തളച്ചിടുന്നത്.

പുരുഷന്മാര്‍ക്ക് എന്തുമാകാമെങ്കില്‍ സ്ത്രീകള്‍ക്കും അതാവാമെന്ന ഫെമിനിസ്റ്റ് വാദത്തോളം സ്ത്രീ വിരുദ്ധമായത് മറ്റെന്തുണ്ട്. ദിശാബോധമില്ലാത്ത തലമുറ വൈകാരിക ആദര്‍ശത്തിലേക്കും ഇരുട്ടിലേക്കും പോകുന്നതിന്റെ ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന പാതിരി സമ്മേളനത്തിലെ മുഖ്യ ചര്‍ച്ച, ‘സ്ത്രീയെ മനുഷ്യഗണത്തില്‍പെടുത്താമോ’ എന്നതായിരുന്നത്രെ. ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ സ്ത്രീക്ക് വോട്ടവകാശം ലഭിച്ചിട്ട് ഒരു നൂറ്റാണ്ട് പോലും തികഞ്ഞിട്ടില്ല. ജനിക്കുന്നത് സ്ത്രീയാണെന്നറിഞ്ഞാല്‍ കുഴിച്ചുമൂടുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന്, പെണ്‍കുട്ടി ജനിച്ചെങ്കില്‍ എന്ന് പ്രാര്‍ത്ഥനാനിരതമാവുന്ന പരിവര്‍ത്തനമാണ് വിപ്ലവം. അര്‍ധരാത്രിയും ഭയലേശമന്യെ സഞ്ചരിക്കാവുന്ന ദേശത്തോളം പെരുമയുള്ളതൊന്നും ആ സംസ്‌കൃതിയെ ഉന്നതമാക്കുന്നില്ലെന്ന് ഉദ്‌ഘോഷിക്കുമ്പോള്‍ പുരോഗതിയുടെ ആണിക്കല്ല് സ്ത്രീത്വത്തില്‍ അധിഷ്ഠിതമാക്കുകയാണ്.

ഒളിച്ചോട്ടങ്ങളും ബന്ധങ്ങളുടെ പരിശുദ്ധിയെ വെല്ലുവിളിക്കലുമാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ് ഊഹിക്കാവുന്നതേയുള്ളൂ. മാറുമറക്കാനുള്ള അവകാശത്തിന്‌വേണ്ടി സമരം നയിക്കപ്പെട്ട നാട്ടിലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനത്തോടൊപ്പം ഹിജാബ് തിരഞ്ഞെടുക്കാനുള്ള ഇഷ്ടത്തെ പ്രാകൃതമാക്കുന്നതും #ാഷ്‌മോബ് അരങ്ങുതകര്‍ക്കുന്നതും.

പുരോഗമനവും സ്ത്രീ സുരക്ഷയും പുരപ്പുറത്ത് കയറി കൂവുന്നവരുടെ തനിനിറം പലപ്പോഴും ആശ്ചര്യജനകമാണ്. കൂട്ട മാനഭംഗങ്ങളും കൂട്ട ആത്മഹത്യകളും സോഷ്യല്‍ മീഡിയ ചതിക്കുഴികളിലൂടെയും മാനവും അഭിമാനവും കവര്‍ന്നെടുക്കപ്പെട്ടവരുടെ വിലാപങ്ങള്‍ക്കപ്പുറം വലിയ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാണ്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്. മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു.

ലോകത്ത് വനിതകള്‍ ഏറ്റവുമധികം അപകടകരമായ അവസ്ഥയില്‍ കഴിയുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് സ്ത്രീ സുരക്ഷയില്‍ ഇന്ത്യയിലെന്ന റോയിട്ടേഴ്‌സ് പഠനം ജാഗ്രതവത്താക്കണം. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറെ മുന്നോട്ടുപോയി എന്ന് മേനിനടിക്കുന്ന കേരളത്തിലും സ്ഥിതി ആശാവഹമല്ല. പാലത്തായി മുതല്‍ വാളയാര്‍ വരെ തുറിച്ചുനോക്കുമ്പോഴും വൈജ്ഞാനിക മുന്നേറ്റത്തിലൂടെ പ്രത്യാശയുടെ കാലം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉറച്ച ബോധ്യമുണ്ട്.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 75-80 ശതമാനം പെണ്‍കുട്ടികളാണ് പഠിക്കുന്നതെന്ന 2014 ലെ സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് നമ്മുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍, തൊഴില്‍ പങ്കാളിത്തം 22 ശതമാനം മാത്രമാണെന്നതും കാണാതിരിക്കാനാവില്ല. സ്‌നേഹത്തിന്റെയും കാരുണയുടെയും ആര്‍ദ്രതയുടെയും വസന്തങ്ങള്‍ വിരിയിച്ച് മാനവ സമൂഹത്തിന് ദിശ നല്‍കാന്‍ സ്ത്രീയോളം കഴിയുന്നൊരു വര്‍ഗം വേറെയില്ല. കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും ഭദ്രതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഒന്നാമത്തെ ഉത്തരവാദിത്വം സ്ത്രീക്കാണ്. പെണ്ണില്ലാതെ, അമ്മയില്ലാതെ കുഞ്ഞില്ല. സ്വത്വം അമൂല്യം; സ്ത്രീത്വം അഭിമാനം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ഹരിത സംസ്ഥാന വ്യാപകമായി കാമ്പയിന് തുടക്കമിടുകയാണ്.

ആയിഷ ബാനു പി.എച്ച്‌

(ഹരിത സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

 

 

 

 

Test User: