രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇനിയും നല്‍കിത്തുടങ്ങിയില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാരീരികവും മാനസികവുമായി വെല്ലുവിളി നേടുന്ന ആയിരങ്ങള്‍ വട്ടംകറങ്ങുന്നു. രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് തീവണ്ടിയാത്രാ സൗജന്യം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട തിരിച്ചറിയല്‍ രേഖകളുടെ വിതരണമാണ് വകുപ്പുകളുടെ നിസംഗതയും സര്‍ക്കാര്‍ അവഗണനയും കാരണം വൈകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവവും ഭിന്നശേഷിക്കാരോടുള്ള അവഗണനയുമാണ് തിരിച്ചറിയല്‍ രേഖ വൈകുന്നതിന് പ്രധാന കാരണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കെട്ടിക്കിടക്കുന്നത്.
കണ്ണൂരില്‍ മാത്രം 18000 ലധികം അപേക്ഷകളും മറ്റുജില്ലകളില്‍ പതിനായിരത്തിന് മുകളിലും അപേക്ഷകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിക്കുന്ന വിദഗ്ധ വൈദ്യ സംഘമാണ് ഭിന്നശേഷിക്കാരുടെ മറ്റുരേഖകള്‍ പരിശോധിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. രേഖകളുടെ പരിശോധനക്ക് ശേഷം തീര്‍പ്പാക്കാവുന്നതാണ് തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍.
എന്നാല്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകളുടെ ഏകോപനമില്ലായ്മയും സര്‍ക്കാറിന്റെ താല്‍പര്യക്കുറവും കാരണം തിരിച്ചറിയല്‍ രേഖ അനുവദിക്കുന്നതില്‍ കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം പ്രതിരോധ മേഖലയിലൊതുങ്ങിയതാണ് അപേക്ഷ പരിശോധന മന്ദഗതിയിലായതെന്നും പറയുന്നു. ജില്ലാതലത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി ഡി.എം.ഒ മുഖേനയാണ് തിരിച്ചറിയല്‍ രേഖ അനുവദിക്കേണ്ടത്. തിരിച്ചറിയല്‍ രേഖ വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്‍കിയിരിക്കുകയാണ് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍. തിരിച്ചറിയല്‍ രേഖ ത്വരിതഗതിയില്‍ വിതരണം ചെയ്യണമെന്ന് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആനന്ദ് നാറാത്ത് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.