യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഐബിനെ കൊന്നത് സി.പി.എമ്മിനു വേണ്ടിയാണെന്ന വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒതുങ്ങിപ്പോകാതിരിക്കാന്‍ കേരളീയ സമൂഹം ജാഗ്രത പുലര്‍ത്തണം. രാഷ്ട്രീയ മേലങ്കിയണിഞ്ഞ സി.പി.എമ്മിന്റെ ഭീകരമുഖം ഒരിക്കല്‍ കൂടി തുറന്നു കാട്ടപ്പെട്ടുവെന്ന് മാത്രമല്ല, നാളിതുവരെ പാര്‍ട്ടി പ്രതിക്കൂട്ടില്‍നില്‍ക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ മാറ്റിനിര്‍ത്തി ഉന്നതതല പുനരന്വേഷണം നടത്തണമെന്നു കൂടി അത് ഓര്‍മിപ്പിക്കുന്നുണ്ട്. അധോലോക സംഘമായി അധ:പതിച്ച സി.പി.എമ്മിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
സി.പി.എം നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം ചെയ്യിച്ചതെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ഞെട്ടലുളവാക്കുന്ന അനവധി കാര്യങ്ങള്‍ അയാളുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ശുഐബിനെ മാത്രമല്ല, ടി.പി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിനുറുക്കിയതില്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നത് അനിഷേധ്യ സത്യമാണ്.
ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്ത ശേഷം മാന്യതയുടെ മൂടുപടം അണിഞ്ഞ് നടക്കുന്ന സി.പി.എം നേതാക്കളുടെ വികൃതം കൂടുതല്‍ വ്യക്തതയോടെ കാണണമെങ്കില്‍ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരാവര്‍ത്തി വായിച്ചാല്‍ മതി. ജയരാജന്മാരുടെ ഉള്‍പ്പോരിനിടെ ഒറ്റപ്പെട്ടുപോകുന്നുവെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തോന്നലാണ് അയാളെക്കൊണ്ട് സത്യം തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്. ‘ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല’ എന്ന ഭീഷണി കൊള്ളേണ്ടിടത്ത് ഉന്നം തെറ്റാതെ തറക്കുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ട്.
കൊലപാതകത്തിന് ആഹ്വാനം ചെയ്തവരും കൊല ആസൂത്രണം ചെയ്തവരുമെല്ലാം ജോലി കിട്ടി പറന്നു നടക്കുമ്പോള്‍ നേതാക്കളുടെ വാക്കു കേട്ട് കൊടുവാളുമായി ഇരകളെ വെട്ടിനുറുക്കിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലുമാണെന്ന് അയാള്‍ പരിതപിക്കുന്നുണ്ട്. സി.പി.എം തള്ളിയതുകൊണ്ടാണ് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മറ്റു മാര്‍ഗങ്ങള്‍ തേടി പോകേണ്ടിവന്നതെന്നും ആകാശ് പറയുന്നു. സംരക്ഷിക്കാതിരിക്കുമ്പോള്‍ ഇനിയും പലവഴിയില്‍ സഞ്ചരിക്കേണ്ടിവരുമെന്നും ഒരു കൊലക്കേസ് പ്രതി പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിക്കുമ്പോള്‍ അണിയറയില്‍ മൂര്‍ച്ച കൂട്ടിയ ആയുധങ്ങളുടെ കലമ്പല്‍ നമുക്ക് വ്യക്തമായി കേള്‍ക്കാം.
പ്രാണനുവേണ്ടി പിടയുന്ന ഇരയെ ആര്‍ത്ത് അട്ടഹസിക്കുകയും ചോരപ്പുഴ കണ്ട് ആനന്ദിക്കുകയും ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ വാള്‍ത്തലപ്പിലാണ് സി.പി.എമ്മിന്റെ അരിവാള്‍ നക്ഷത്രമുള്ളത്. അവ്യക്തതകള്‍ ഒട്ടുമില്ലാതെ സി.പി.എം എന്ന പാര്‍ട്ടി എന്താണെന്ന് ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന് പറഞ്ഞുതരുന്നുണ്ട്. എത്ര തന്നെ തള്ളിപ്പറഞ്ഞാലും തങ്ങളുടെ ഭീഷണിക്കു മുന്നില്‍ പാര്‍ട്ടി നേതാക്കള്‍ മുട്ടുമടക്കുമെന്നും പിണങ്ങി വഷളാക്കാന്‍ നില്‍ക്കാതെ വീണ്ടും സംരക്ഷണവുമായി ഓടിയെത്തുമെന്നുമുള്ള ധൈര്യം ഇപ്പോഴും ഈ ഘാതകന്മാര്‍ക്കുണ്ടെന്ന് ഉറപ്പാണ്.
മനുഷ്യത്വത്തിന്റെ സ്പര്‍ശം ഒട്ടുമില്ലാതെയാണ് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ശുഐബിനെ കൊല്ലാന്‍ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവച്ചു വിടണമായിരുന്നോ എന്നാണ് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ചോദ്യം. കേരളത്തിലെ പ്രബുദ്ധ സമൂഹത്തിനുമുന്നില്‍ നിന്നുകൊണ്ടാണ് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൊലപതാകത്തെ ന്യായീകരിക്കുന്നതെന്ന് ഓര്‍ക്കണം.
പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങള്‍ നടത്തിയിട്ടും തങ്ങളെ ഒറ്റുകാരായി ചിത്രീകരിച്ചാല്‍ പ്രസ്താവനകള്‍ക്കപ്പുറം ചിലതൊക്കെ ചെയ്യേണ്ടിവരുമെന്ന് ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആകാശ് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സി.പി.എം കുരുക്കിലായതുകൊണ്ടാണ് ശുഐബ് വധവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണെന്നുമൊക്കെ എം.വി ജയരാജന്‍ പറയുന്നത്. പക്ഷെ, ഒന്നാം പ്രതിയായ ആകാശിന് ശുഐബ് വധക്കേസില്‍ പങ്കില്ലെന്ന് സ്ഥാപിക്കാന്‍ ഇടതു സര്‍ക്കാര്‍ പൊതുഖജാനാവില്‍നിന്ന് 88 ലക്ഷം രൂപയാണ് മുടക്കിയത്. സി.പി.എമ്മിന് അതുമായി ബന്ധമില്ലെങ്കില്‍ ഒരു പ്രതിയെ സംരക്ഷിക്കാന്‍ ഇത്രയും തുക ഇടിച്ചു തള്ളേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് പാര്‍ട്ടി തന്നെയാണ്.
ശുഐബ് വധത്തില്‍ മാത്രമല്ല, പാര്‍ട്ടി ആസൂത്രണം ചെയ്ത് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ മറ്റു കൊലപാതകങ്ങളിലെല്ലാം പ്രതികളെ തീറ്റിപ്പോറ്റുന്നതും അവര്‍ക്ക് തണലൊരുക്കുന്നതും സി.പി.എമ്മാണെന്ന് കേരളീയ സമൂഹത്തിന് പലവട്ടം ബോധ്യമായിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്ക് അനിയന്ത്രിത പരോള്‍ നല്‍കി പുറത്ത് കറങ്ങി നടക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും സൗകര്യമൊരുക്കുന്നുണ്ട്.
എതിരാളികളെ ഇല്ലാതാക്കാന്‍ പാര്‍ട്ടി നിയോഗിച്ച കൊലയാളി സംഘങ്ങളെ തടവറയില്‍ ഉപേക്ഷിക്കാതെ അവര്‍ക്ക് സംരക്ഷണവും സൗകര്യമൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഇപ്പോഴും സി.പി.എം വീഴ്ചയില്ലാതെ നിര്‍വഹിച്ചുപോരുന്നു. പക്ഷെ, പ്രതീക്ഷിച്ച സഹായങ്ങള്‍ കിട്ടാതെ വരുമ്പോഴാണ് ആകാശ് തില്ലങ്കേരിയെ പോലുള്ളവര്‍ ഇളകുന്നതും വാളെടുക്കുന്നതും. ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്തും അവര്‍ക്കാവശ്യമുള്ളത് കൊടുത്തും ക്വട്ടേഷന്‍ സംഘങ്ങളെ മെരുക്കിയെടുക്കേണ്ടത് എങ്ങനെയെന്ന് പാര്‍ട്ടിക്കറിയാം. കിട്ടേണ്ടത് കിട്ടിയാല്‍ സി.പി.എം നല്‍കുന്ന ഹിറ്റ്‌ലിസ്റ്റിലെ അടുത്ത ഇരയെത്തേടി കൊലയാളികളും നീങ്ങികുകയും ചെയ്യും. പക്ഷെ, ഇങ്ങനെയൊരു അധോലോക രാഷ്ട്രീയ സംഘത്തെ ഇനിയും അധികാരക്കസേരയില്‍ ഇരുത്തണോ എന്ന് തീരുമാനിക്കേണ്ടത് കേരളീയര്‍ മാത്രമാണ്.