ന്യൂഡല്‍ഹി: സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിന് മാര്‍ഗ നിര്‍ദേശം തയാറാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് അവസാന അവസരമാണ് നല്‍കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെന്നും ഇവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി സത്യവാങമൂലം നല്‍കാന്‍ ജസ്റ്റിസുമാരായ സഞ്ജയ് കിശന്‍ കൗള്‍, എം. എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സമാന ആവശ്യത്തില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാരെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികള്‍ വിചാരണക്കായി സുപ്രീം കോടതിയിലേക്ക് മാറ്റി.
മുഖ്യ ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കും. ഹര്‍ജി ഏഴാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ സെക്ഷന്‍ 2 (എഫ്), ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമം കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുണ്ടെന്നും ഇത് യുക്തിഹീനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. യഥാര്‍ത്ഥ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ലഡാക്, മിസോറം, ലക്ഷദ്വീപ്, കശ്മീര്‍, നാഗലന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, ബഹായി മതക്കാര്‍ ന്യൂനപക്ഷങ്ങളാണെന്നും ഇവരെ ഇവിടെ ന്യൂനപക്ഷ പദവി നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.