ഷഹബാസ് വെള്ളില
തിരുവനന്തപുരം: 12 കുട്ടികളുമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂളിനോടനുബന്ധിച്ച് ഐഡിയല്‍ ട്രസ്റ്റ ആരംഭിച്ച കായിക പരിശീലന കേന്ദ്രത്തെയാണ് ഇന്ന് കായിക കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന്റെയും എറണാംകുളത്തിന്റെയും കുത്തക തകര്‍ത്ത് മലപ്പുറത്തുനിന്നൊരു വിജയഗാഥ. അത് ഐഡിയല്‍ കടകശ്ശേരിയുടെ കഥയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച.എസ്.എസ് കടകശ്ശേരി അട്ടിമറി വിജയം നേടി ഒന്നാമതെത്തിയതോടെ പിറന്നത് പുതുചരിത്രം. 2019 ല്‍ അവസാനമായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തൊരു ടീമാണ് വര്‍ഷങ്ങള്‍ക്കിപ്പും ചാമ്പ്യന്‍കിരീടവും കൊണ്ടുതലസ്ഥാനം വിടുന്നത്.
ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലവും നേടി 66 പോയിന്റാണ് കടകശ്ശേരി വാരികൂട്ടിയത്. ഇതില്‍ ഒരു മീറ്റ് റെക്കോര്‍ഡും ഐഡിയലിനുണ്ട്. ഐശ്വര്യ സുരേഷ് (സീനിയര്‍ ഗേള്‍സ് ജാവലിന്‍) മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ഫെബിന്‍ കെ ബാബു (സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ്), മുഹമ്മദ് മുഹ്‌സിന്‍ (സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്), അലന്‍ മാത്യു (ജൂനിയര്‍ ബോയ്‌സ് 100 മീറ്റര്‍), റബീഹ് അഹമ്മദ് (ജൂനിയര്‍ ബോയ്‌സ് 400 മീറ്റര്‍ ഹര്‍ഡില്‍സ്), ശീതള്‍ എം.എസ് (3000 കി.മീ വാക്കിംഗ്), ആസിഫ് ടി.സി (സീനിയര്‍ ബോയ്‌സ് ജാവലിന്‍) എന്നിവരാണ് ഐഡിയലിനായി സ്വര്‍ണം നേടിയത്. അജിത്തിന് ഇരട്ട വെള്ളിയാണ് മീറ്റില്‍ നിന്നും സ്വന്തമാക്കിയത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രൊ), സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപില്‍ മുഹമ്മദ് മുഹ്‌സിന് നേരിയ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്. 14.59 ആണ് മുഹ്‌സിന്‍ ചാടിയത്. 14.60 മീറ്ററിനാണ് സ്വര്‍ണം. മുഹമ്മദ് ഷാന്‍ (സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍), അലന്‍ ബിജു( ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍), റിറ്റി പാ രാജു (സീനിയര്‍ പെണ്‍കു്ട്ടികളുടെ 800 മീറ്റര്‍), ദേവിക സി.എസ് (സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ്) എന്നിവരാണ് മറ്റ് വെള്ളിക്കാര്‍. അജിത്ത് (ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രൊ), അനുഗ്രഹ (സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍), മുഹമ്മദ് മുഹ്‌സിന്‍ (സീനിയര്‍ ബോയ്‌സ് ലോംഗ് ജംപ്) എന്നിവര്‍ വെങ്കലവും നേടി. നിലവില്‍ അന്‍പതോളം കായിക പ്രതിഭകള്‍ സ്‌കൂളില്‍ തീവ്രപരിശീലനം നടത്തുന്നുണ്ട്.
കാമ്പസിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ മികച്ച സൗകര്യമാണ് താരങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി നദീഷ് ചാക്കോയാണ് മുഖ്യപരിശീലകന്‍. ഇദ്ദേഹത്തിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ വിജയം. 80 ഓളം കായിക താരങ്ങളെ വിവിധ നാഷണല്‍ മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചു മെഡലുകള്‍ നേടാന്‍ സ്‌കൂളിനായിട്ടുണ്ട്. ഈ കഴിഞ്ഞ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ നദീഷിന്റെ കോച്ചിംഗ് മികവില്‍ 9 പേരാണ് പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയത്. താരങ്ങള്‍ക്കും അധ്യാപകര്‍ക്കും പരിശീലകര്‍ക്കും മികച്ച പിന്തുണയുമായി മനേജ്‌മെന്റുമണ്ട്. ഹര്‍ഡില്‍സിലെ സുവര്‍ണതാരം അനീസ് റഹ്മാന്‍, സാജിദ്, എ.ആര്‍ ദീപ്തി, അജ്മല്‍ റിദ് വാന്‍, ജിഷ്ണു, പി.വി സുഹൈല്‍, ജിജിന്‍ വിജയന്‍, ഹാരിസ് റഹ്മാന്‍, റുബീന,പ്രഭാവതി, ശ്രീലക്ഷമി, അശ്വതി ബിനു ,മെല്‍ബിന്‍ ബിജു, അര്‍ഷാദ്, ദില്‍ശില്‍, സൈഫുദ്ദീന്‍ തുടങ്ങി അനേകം കായിക താരങ്ങള്‍ ഐഡിയലിന്റെ ഉല്‍പന്നങ്ങളാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ തൈക്കോണ്ടോ, കരാട്ടേ, സ്‌കേറ്റിംഗ്, ഫുഡ്‌ബോള്‍, വോളിബോള്‍, യോഗ തുടങ്ങി ഒട്ടേറെ കായിക മത്സരപരിശീലനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വീമ്മിംഗ് പൂള്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്. രാവിലെ ആറ് മുതല്‍ എട്ടര വരെയും വൈകിട്ട് 4 മുതല്‍ 6.30 വരെയുമാണ് പരിശീലന സമയം. സ്പ്രിന്റ്, ജംപ്, ഹര്‍ഡില്‍സ്, ത്രോസ് മുതലായ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം ഒരുക്കിയിട്ടുള്ളതെന്ന് ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍, മാനേജര്‍ മജീദ് ഐഡിയല്‍ എന്നിവര്‍ പറയുന്നു